ദിലീപിന് ജാമ്യം അനുവദിക്കരുത് , ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ദിലീപിന്റെ പക്കലെന്ന് പൊലീസ്

കൊച്ചി: യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ പക്കലെന്ന് പൊലീസ്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി നടിയെ തൊഴില്‍ മേഖലയിലെത്തി അപമാനിക്കാന്‍ ശ്രമിക്കുമെന്നാണ് ദിലീപിന്റെ ജാമ്യഹര്‍ജി എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. പ്രതിയെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുവിട്ടാല്‍ ഇയാള്‍ നടിയുടെ തൊഴില്‍ തടസപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോ ദിലീപിന് കൈമാറിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നല്‍കിയില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിക്കുന്നതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് പ്രതികള്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ഇതുവരെയും അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നതോടെ മെമ്മറി കാര്‍ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുപ്പക്കാരായ പല പ്രമുഖരേയും ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നും പോലീസ് പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ മൊഴി എടുക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി: എ.വി. ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെ മൊഴി എടുക്കുന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പൊലീസ് എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top