ന്യൂയോര്‍ക്ക്: ഈ ലോകകപ്പിലെ വമ്പന്‍ അട്ടിമറിക്ക് ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയം സാക്ഷികളായി. 5 തവണ ലോക കിരീടം നേടിയതിന്റെ ഗരിമയുമായി എത്തിയ ബ്രസീലിനെ തകര്‍ത്തെറിഞ്ഞ് നോര്‍വെ ചരിത്രമെഴുതി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇതാദ്യമായാണ് നോര്‍വെ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്. എര്‍ളിങ് ഹാളണ്ടെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ ഒരു ഭീഷണിയേ അല്ലെന്നു മത്സരത്തിനു മുന്‍പ് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി പറഞ്ഞിരുന്നു. അതേ ഹാളണ്ട് രണ്ട് തവണ വല ചലിപ്പിച്ച് ബ്രസീലിനെ നാട്ടിലേക്ക് മടക്കി. താരത്തിന്റെ ഇരട്ട ഗോള്‍ ബലത്തില്‍ 2-1നാണ് ബ്രസീലിന്റെ ജയം. കളിയുടെ അവസാന നിമിഷത്തില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം നെയ്മര്‍ ഒരു ഗോള്‍ മടക്കി കാനറികള്‍ക്ക് ആശ്വാസം നല്‍കിയത് മാറ്റി നിര്‍ത്തിയാല്‍ ബ്രസീലിന് മൈതാനത്ത് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. 2002ലെ ലോകകപ്പ് കിരീട വിജയത്തിനു ശേഷം തുടരെ ആറാം ലോകകപ്പിലാണ് ബ്രസീല്‍ കിരീട നേട്ടമില്ലാതെ മടങ്ങുന്നത്.
കളിയുടെ 79ാം മിനിറ്റ് വരെ ഇരു ടീമുകളും ഗോള്‍ നേടിയിരുന്നില്ല. 79ാം മിനിറ്റില്‍ ഹാളണ്ട് നേടിയ ഹെഡ്ഡര്‍ കോടിക്കണക്കായ ബ്രസീല്‍ ആരാധകരുടെ നെഞ്ച് തുളയ്ക്കുന്നതായി മാറി. അവിടെയും തീര്‍ന്നില്ല. 90ാം മിനിറ്റില്‍ ഗോളടി പ്രാക്ടീസ് പോലെ ബോക്‌സിനു തൊട്ടുപുറത്തു നിന്നു ഹാളണ്ട് നീട്ടിയടിച്ച ഇടം കാലന്‍ ഷോട്ടും ബ്രസീല്‍ വലയില്‍ കയറിയതോടെ അവരുടെ തിരിച്ചു വരാനുള്ള മോഹങ്ങളെല്ലാം ഒലിച്ചു പോയി. ഈ ലോകകപ്പിലെ താരത്തിന്റെ ഏഴാം ഗോളാണ് ബ്രസീലിനെതിരെ പിറന്നത്.
1990ന് ശേഷം ആദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്താകുന്നത്. ഇതുകൂടാതെ നോര്‍വേയ്ക്കെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് ബ്രസീലിനെ ഇനിയും പിന്തുടരും. ഫുട്ബോളില്‍ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കല്‍ പോലും തോല്‍പ്പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോര്‍വെ. അന്താരാഷ്ട്ര ഫുട്ബോളില്‍ ബ്രസീലും നോര്‍വെയും ഇതുവരെ ആറ് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ ഒരു തവണ പോലും വിജയിക്കാന്‍ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആറാമത്തെ പോരാട്ടം ഈ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരമായിരുന്നു. ഈ തോല്‍വിക്ക് ബ്രസീലിനു സ്വയം പഴിക്കാം. കളിയുടെ തുടക്കത്തില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കളി മാറിയേനെ
പന്തടക്കത്തിലും പാസിങ്ങിലും നോര്‍വെയാണ് ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നത്. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ബ്രസീലാണ്. കാനറിപ്പട ആറ് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ നോര്‍വേ നാലെണ്ണം പായിച്ചു. നോര്‍വേയുടെ ആക്രമണങ്ങളെ തടയാന്‍ ബ്രസീല്‍ ഡിഫന്‍ഡര്‍മാര്‍ ആദ്യ പകുതിയില്‍ തന്നെ 12 ക്ലിയറന്‍സുകളും 8 ഇന്റര്‍സെപ്ഷനുകളും നടത്തി. ബ്രസീല്‍ കീപ്പര്‍ അലിസണ്‍ ബെക്കറും നോര്‍വേ കീപ്പര്‍ ഓറിയന്‍ നെയ്ലാന്‍ഡും 2 നിര്‍ണായക സേവുകള്‍ ആദ്യ പകുതിയില്‍ നടത്തി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ നോര്‍വെ താരങ്ങള്‍ ബ്രസീല്‍ ബോക്സിലേക്ക് ഇരമ്പിയെത്തുന്ന കാഴ്ചയായിരുന്നു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍വേ താരം പാട്രിക് ബെര്‍ഗ് ബോക്സിന് പുറത്തു നിന്ന് തൊടുത്ത മനോഹരമായ കര്‍വിങ് ഷോട്ട് ബ്രസീലിന്റെ വലയിലെത്തിയിരുന്നു. എന്നാല്‍ ക്രോസ് നല്‍കിയ അലക്‌സാണ്ടര്‍ സോര്‍ലോത്ത് ഓഫ്സൈഡ് പൊസിഷനിലായിരുന്നതിനാല്‍ റഫറി ഈ ഗോള്‍ അനുവദിച്ചില്ല. പിന്നീട് നോര്‍വെ ഒന്ന് പതുങ്ങി പ്രതിരോധത്തിലേക്ക് വലിയുന്ന കാഴ്ചയായിരുന്നു.
പിന്നാലെയാണ് 10ാം മിനിറ്റില്‍ ബ്രസീലിനു അനുകൂലമായി പെനാല്‍റ്റി കിട്ടിയത്. 10ാം മിനിറ്റില്‍ മത്യാസ് കുന്യയെ നോര്‍വെ താരം ഫൗള്‍ ചെയ്തതിന് വാര്‍ പരിശോധനയ്ക്കു ശേഷം റഫറി ബ്രസീലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. എന്നാല്‍ 14ാം മിനിറ്റില്‍ കിക്ക് എടുത്ത ബ്രസീലിന്റെ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാരെസിന്റെ ഷോട്ട് നോര്‍വെ ഗോള്‍കീപ്പര്‍ ഓറിയന്‍ നെയ്ലാന്‍ഡ് തകര്‍പ്പന്‍ സേവിലൂടെ തടയുകയായിരുന്നു.ആദ്യ പകുതിയിലുടനീളം കൗണ്ടര്‍ അറ്റാക്കുകളില്‍ മികച്ച അവസരങ്ങള്‍ ബ്രസീലിന് ലഭിച്ചിരുന്നു. പക്ഷേ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിക്കും കുന്യയ്ക്കും അതൊന്നും മുതലാക്കാനായില്ല
മറുവശത്ത് നോര്‍വെയ്ക്കും മൂന്നോളം മികച്ച അവസരങ്ങള്‍ ആദ്യ പകുതിയില്‍ ലഭിച്ചെങ്കിലും അവര്‍ക്കും ലക്ഷ്യം കാണാനായില്ല. 35ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ ഷോട്ട് സൈഡ്നെറ്റിലിടിച്ചു. 39ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ ഒരു ഇടം കാലനടി നെയ്‌ലാന്‍ഡ് തടഞ്ഞു. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് നോര്‍വെയ്ക്ക് ലഭിച്ച മികച്ചൊരു അവസരം ഒഡെഗാര്‍ഡ് നഷ്ടപ്പെടുത്തുകയും ചെയ്തു.
രണ്ടാം പകുതിയില്‍ എന്‍ഡ്രിക്കും പിന്നീട് നെയ്മറും കളത്തിലെത്തിയെങ്കിലും ബ്രസീലിന്റെ കളിക്ക് മാറ്റമൊന്നും ഉണ്ടായില്ല. 59ാം മിനിറ്റില്‍ വിനീഷ്യസ് നല്‍കിയ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം എന്‍ഡ്രിക്ക് പുറത്തേക്കടിച്ച് കളഞ്ഞു.
പിന്നാലെയാണ് 79ാം മിനിറ്റില്‍ ഹാളണ്ടിന്റെ ആദ്യ ഗോളെത്തിയത്. ആന്ദ്രേസ് ഷില്‍ഡെറപ്പ് ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡറിലൂടെ ഹാളണ്ട് വലയിലാക്കിയതോടെ ബ്രസീല്‍ ഞെട്ടി. പിന്നാലെ 90ാം മിനിറ്റില്‍ അനായാസമായൊരു ഇടം കാലനടിയിലൂടെ ഹാളണ്ട് ബ്രസീലിന്റെ പതനം പൂര്‍ത്തിയാക്കി. ഇന്‍ഞ്ച്വറി ടൈമില്‍ കാസെമിറോയ്ക്കെതിരായ ഫൗളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനായി ഒരു ഗോള്‍ മടക്കി. പക്ഷേ അതുകൊണ്ട് തോല്‍വി ഭാരം കുറച്ചു എന്നല്ലാതെ മറ്റൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ കൂടി പ്രതാപ കാലത്തിന്റെ ഓര്‍മകള്‍ പേറി കാനറികള്‍ നാട്ടിലേക്ക് മടങ്ങി.










