ഡാലസ്: തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ലയണല്‍ മെസ്സി സ്വന്തമാക്കിയ മത്സരത്തില്‍ ജോര്‍ദാനെതിരേ അര്‍ജന്റീനയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മെസ്സിയും സംഘവും ജയിച്ചുകയറിയത്. ഈ ലോകകപ്പില്‍ മെസ്സിയുടെ ഗോള്‍ നേട്ടം ഇതോടെ ആറായി. ഇതോടെ ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ലയണല്‍ മെസ്സിയും സംഘവും നോക്കൗട്ടിനൊരുങ്ങുന്നത്. 19-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെല്‍സോയും 31-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തു. ജോര്‍ദാന്റെ ഗോള്‍ മുസ അല്‍ തമാരിയുടെ വകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ പന്തിന്‍മേല്‍ മൃഗീയമായ ഭൂരിപക്ഷമായിരുന്നു അര്‍ജന്റീനയ്ക്ക്. 19-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ജിയോവാനി ലോസെല്‍സോ ടീമിനെ മുന്നിലെത്തിച്ചു. പലപ്പോഴും രാജ്യത്തിനായും ക്ലബ്ബുകള്‍ക്കായും സ്ഥിരമായി മെസ്സി ഫ്രീ കിക്ക് ഗോളുകള്‍ നേടുന്ന പൊസിഷനില്‍ നിന്നായിരുന്നു ലോസെല്‍സോയും സ്‌കോര്‍ ചെയ്തത്. 28-ാം മിനിറ്റില്‍ ബോക്സില്‍വെച്ച് ജോര്‍ദാന്റെ അല്‍ റഷ്ദാന്‍ അര്‍ജന്റീന താരം സെനെസിയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. വാര്‍ പരിശോധിച്ച ശേഷമായിരുന്നു തീരുമാനം. രണ്ടാം പകുതിയില്‍ പക്ഷേ അര്‍ജന്റീനയെ ഞെട്ടിച്ച് ജോര്‍ദാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇഹ്സാന്‍ ഹദ്ദാദിന്‍ നല്‍കിയ ക്രോസ് വലയിലെത്തിച്ച് മുസ അല്‍ തമാരിയാണ് ജോര്‍ദാനായി സ്‌കോര്‍ ചെയ്തത്. പിന്നാലെ 60-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ മെസ്സി 80-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ സ്‌കോര്‍ ചെയ്തു.










