ജിഷ കൊലപാതകം വേദനയുണ്ടാക്കിയെന്ന് പ്രശസ്ത നടി ഭാവന. ഇത്തരം സംഭവത്തില്‍ പ്രതികളെ പിടികൂടി കടുത്ത ശിക്ഷ നടപ്പാക്കണം. വെറുതെ പ്രതികരിച്ചിട്ട് കാര്യമില്ലെന്നും ഭാവന പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കനത്ത പരാജയമാണെന്നാണ് ഭാവന വ്യക്തമാക്കിയത്.
ഒരു സംഭവം ഉണ്ടായി അപ്പോള്‍ മാത്രം പ്രതികരിച്ച് അത് ക്രമേണ മറക്കുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്ന് ഭാവന പറയുന്നു. ജിഷയുടെ വിഷയത്തില്‍ ശക്തമായ നിയമസംവിധാനമാണ് നമുക്കാവശ്യം. ഓരോ സംഭവം ഉണ്ടാകുമ്പോഴും എല്ലാവരും പ്രതികരിക്കും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. അതുകൊണ്ടായില്ല, ഇതിനൊക്കെ നിയമപരമായി ഉടന്‍ ആക്ഷന്‍ എടുക്കണം അല്ലെങ്കില്‍ കൃത്യമായ നിയമനിര്‍മാണം വേണം. അല്ലാതെ പ്രതികരിച്ചിട്ട് കാര്യമില്ല. എല്ലാവര്‍ക്കും കുറച്ച് കാലത്തേക്ക് വിഷമവും സങ്കടവും ഉണ്ടാകുന്നു. പിന്നീട് അത് മറക്കുന്നു.
പീഡനം ഭയന്ന് പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണം ഈ സമയത്ത് ഇറങ്ങിപ്പോകരുത് എന്നു പറയാന്‍ പഴയ കാലമൊന്നുമല്ലല്ലോ? സ്വന്തമായി ജോലിചെയ്യുന്ന, കുറച്ച് താമസിച്ച് വീട്ടില്‍ വരുന്ന പെണ്‍കുട്ടികളാണ് ഭൂരിഭാഗവും ഉള്ളത്. ഇവരോടൊക്കെ വീട്ടിലിരിക്കാന്‍ പറയാന്‍ പറ്റില്ലല്ലോ?
സിനിമയൊന്നും ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് പ്രചോദനമാകുന്നില്ല. സിനിമയില്‍ ഹീറോ ഒരു പെണ്‍കുട്ടിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വില്ലന്‍മാരുടെ അടുത്തുനിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ഇതൊന്നും ഇവിടാരും ചെയ്യുന്നില്ല. സിനിമ ഒരിക്കലും ഇതിന് പ്രചോദനമല്ല. ഭാവന പറഞ്ഞു.
തനിക്ക് രാഷ്ട്രീയം ഇല്ലെന്നു വ്യക്തമാക്കിയ ഭാവന സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയും ഭാഗല്ലെന്നും വാഗ്ദാനങ്ങള്‍ മാത്രമല്ലാതെ പ്രവര്‍ത്തിയിലൂടെ ഇവര്‍ ഇതൊക്കെ കാണിച്ചുതരണമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.