കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരും സനല്‍കുമാര്‍ ശശിധരനുമടങ്ങുന്ന സിനിമാസംഘം സുരക്ഷിതരാണെന്ന് വിവരം. ഇവരെ വൈകിട്ടോടെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരും സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരനും അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു. ഛത്രു ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകത്തുള്ള ഒരു സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ഇവിടേക്ക് റോഡ് ഗതാഗതം സാധ്യമല്ലെന്നാണ് വിവരം. കാല്‍നടയായി ഛത്രുവില്‍ നിന്നും യാത്ര ചെയ്തു മാത്രമേ അവിടെ എത്താനാവൂ.
ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേര്‍ നിലവില്‍ ഛത്രുവില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവരെയെല്ലാം ഇന്ന് രാത്രിയോടെ പുറത്ത് എത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഛത്രു ഗ്രാമം സ്ഥിതി ചെയ്യുന്ന ലാഹുല്‍ സ്പിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെകെ സോറോച്ച് പറഞ്ഞതായി റിപ്പോർട്ട് .
സിനിമയുടെ ഷൂട്ടിംഗ് ഇവിടെ തുടരുന്നതിനിടെ കനത്ത മഴയും പിന്നാലെ ശക്തമായ മഞ്ഞു വീഴ്ചയും ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ അവിടേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. വളരെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമമാണ് ഛത്രു. ഇവിടെ ഹോട്ടലുകളോ മൊബൈല്‍ നെറ്റ്വര്‍ക്കോ ഇല്ല. സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഛത്രുവിലേക്ക് വരുന്നത് സാഹസിക വിനോദസഞ്ചാരികള്‍ മാത്രമാണ്.
ലേ – ഷിംല ദേശീയപാതയ്ക്കിടയിലാണ് ഛത്രു ഗ്രാമം സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ ഇവരെ ഛത്രുവില്‍ നിന്നും താഴെ ദേശീയപാതയില്‍ എത്തിച്ച്. അവിടെ നിന്നും മണാലിയിലേക്ക് കൊണ്ടു പോകാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ നേരത്തെ ഇക്കാര്യം സംസാരിച്ചിരുന്നു. ഇതിനു ശേഷം സംഭവം ഗൗരവത്തോടെയാണ് ഹിമാചല്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഷൂട്ടിംഗ് സംഘം ഛത്രുവില്‍ കുടുങ്ങിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹിമാചല്‍ പ്രദേശ് ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട് ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്പത്ത് അറിയിച്ചു.