അഞ്ചാം വയസില്‍ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നിവേദ

അഞ്ചാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ലൈഗികാതിക്രമം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ നിവേദ പേതുരാജ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിവേദ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുന്നത്. നമ്മുടെ രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ചിലത് പരിഹരിക്കാനാകില്ല ചിലത് മാത്രമാണ് പരിഹരിക്കാനാകുന്നത്. അത്‌പോലൊരു വിഷയമാണ് സ്ത്രീ സുരക്ഷ. ഇത് കാണുന്ന വലിയൊരു ശതമാനം പേരും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകാമെന്നുറപ്പുള്ളത് കൊണ്ടാണ് ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അതില്‍ ഞാനും ഉള്‍പ്പെടും. അഞ്ചു വയസില്‍ സംഭവിച്ചത് എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാനെങ്ങനെയാണ് അതെന്റെ മാതാപിതാക്കളോട് പറയുക. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് പലപ്പോഴും അപരിചിതരായിരിക്കില്ല, നമുക്ക് പരിജയമുള്ളവര്‍ തന്നെയായിരിക്കും. ബന്ധുക്കളോ, സുഹൃത്തുക്കളോ, അയല്‍ക്കാരോ ആയിരിക്കും ഇത് ചെയ്യുന്നത്. രക്ഷിതാക്കളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഇക്കാര്യം കുട്ടികളുമായി സംസാരിക്കണം. അത് രണ്ട് വയസുള്ളപ്പോള്‍ മുതലേ തുടങ്ങണം. തെറ്റായ സംസാരം എന്താണെന്നും തെറ്റായ സ്പര്‍ശം എന്താണെന്നും അവരെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് പോകേണ്ടിവരിക എന്നറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍വീട്ടിലുമെല്ലാം എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല. ഓരോ തെരുവിലും എട്ടും പത്തും ആളുകള്‍ അടങ്ങുന്ന ചെറു സംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ദിവസം മുഴുവന്‍ തെരുവുകളില്‍ നടക്കുന്നത് എന്താണെന്ന് അവര്‍ അറിയണം. അവിടെ സംശയാസ്പദമായി എന്തെങ്കിലും നടന്നാല്‍ അവര്‍ക്ക് അത് കണ്ടുപിടിക്കുകയും ചോദ്യം ചെയ്യുകയുമാവാം. ഞങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടി ദയവു ചെയ്ത് ഇതു നിങ്ങള്‍ ചെയ്യണം. നിങ്ങള്‍ നിരീക്ഷണം നടത്തുന്ന കാര്യം അവരെ അറിയിക്കണം. ഞങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അത് ചെയ്യുക. എപ്പോഴും പൊലീസിനെ ആശ്രയിക്കാനാവില്ല. അവര്‍ നമ്മളെ രക്ഷിക്കും. എന്നാല്‍, സുരക്ഷയ്ക്കുവേണ്ടി നമുക്ക് നമ്മളില്‍ തന്നെയും നമുക്ക് ചുറ്റുമുള്ളവരിലും വിശ്വാസമുണ്ടാവണം. പുറത്തിറങ്ങുമ്പോള്‍ എനിക്ക് പേടിയാണ്. ആരെക്കണ്ടാലും സംശയത്തോടെ നോക്കേണ്ടി വരുന്നു. ഇത് തെറ്റാണ്, നമ്മള്‍ അത് ഉപേക്ഷിക്കണം. ഇത് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണ്. എല്ലാ പുരുഷന്മാരോടുമുള്ള എന്റെ ഒരു അഭ്യര്‍ഥനയാണിത്.’- നിവേദ പറയുന്നു.

Top