അംറോഹ: ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ ഒരേ യുവാവിനെ ഒന്നിച്ച് വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. തങ്ങളുടെ വിവാഹച്ചടങ്ങുകളും മറ്റ് പരിപാടികളും പകര്‍ത്താനെത്തിയ ക്യാമറാമാനെയാണ് മൂന്ന് സഹോദരിമാരും ഭര്‍ത്താവായി സ്വീകരിച്ചത്. ഈ വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്.
പരസ്പരം പിരിഞ്ഞു ജീവിക്കാന്‍ സാധിക്കില്ലെന്ന സഹോദരിമാരുടെ ഉറച്ച തീരുമാനത്തെത്തുടര്‍ന്നാണ് ഒരേ മണ്ഡപത്തില്‍ വെച്ച് മൂവരും യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായത്. ഹസന്‍പൂരിലെ ധൗരിയ ഗ്രാമവാസികളായ സരോജ് (20), സഹോദരി സാവിത്രി റാണി (19), ഇവരുടെ കസിന്‍ സന്തോഷ് ഖഡക്വന്‍ഷി (18) എന്നിവരാണ് വരന്‍ വികാസ് ഖഡക്വന്‍ഷിയെ (20) വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും റീല്‍സുകളും നിര്‍മ്മിച്ച് ശ്രദ്ധേയരായ ഈ മൂവര്‍ സംഘത്തിന് ഒപ്പം കഴിഞ്ഞ ആറ് മാസമായി ക്യാമറാമാനായി ജോലി ചെയ്യുകയായിരുന്നു വികാസ്.
പല റീല്‍സ് വീഡിയോകളിലും വികാസ് ഇവരുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ അഭിനയിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 17-ന് അംറോഹയിലെ ചാമുണ്ട മാതാ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വികാസ് മൂന്ന് പെണ്‍കുട്ടികളുടെയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തങ്ങള്‍ക്ക് പരസ്പരം പിരിഞ്ഞ് ജീവിക്കാന്‍ സാധിക്കില്ലെന്ന് ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കൂടിയായ സരോജ് പറയുന്നു. കുടുംബാംഗങ്ങള്‍ തങ്ങള്‍ക്ക് വെവ്വേറെ വിവാഹ ആലോചനകള്‍ തുടങ്ങിയപ്പോള്‍ വലിയ മാനസിക വിഷമത്തിലായെന്നും, വേര്‍പിരിയുന്നതിനേക്കാള്‍ ഭേദം ഒന്നിച്ച് ജീവിക്കുകയാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെടുത്തതെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.
തങ്ങള്‍ നാലുപേരും പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ വൈകാരികമായ അടുപ്പം മനസ്സിലാക്കിയാണ് താന്‍ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് വരനായ വികാസും പ്രതികരിച്ചു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം ഒന്നിലധികം പങ്കാളികളെ വിവാഹം കഴിക്കാന്‍ നിയമപരമായ സാധുതയില്ലെന്നും, അതിനാല്‍ ഈ വിവാഹം നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്നും അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ വ്യക്തമാക്കി.
വിവാഹത്തിനെതിരെ ചില ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന് മറുപടിയായി പുരാണത്തില്‍ ദശരഥ മഹാരാജാവിന് മൂന്ന് രാജ്ഞിമാര്‍ ഉണ്ടായിരുന്നില്ലേ എന്ന് പെണ്‍കുട്ടികള്‍ ചോദിക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട പൊലീസ് നാല് പേരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തിട്ടുണ്ട്. എല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും പൊലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നിലവില്‍ പരാതികളൊന്നുമില്ലെന്നും, ഭാവിയില്‍ എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹസന്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ പങ്കജ് ത്യാഗി അറിയിച്ചു.


