അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു

കാര്‍വാര്‍: ഭാരത നാവികസേനയുടെ തീരദേശ പ്രതിരോധ ശേഷിക്ക് കൂടുതല്‍ കരുത്തേകി ഐഎന്‍എസ് മാല്‍വന്‍ കമ്മിഷന്‍ ചെയ്തു. തദ്ദേശീയമായി നിര്‍മിച്ച മാഹി ക്ലാസ് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് (എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി) ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണിത്. കര്‍ണാടകയിലെ കാര്‍വാര്‍ നാവികതാവളത്തില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് കപ്പല്‍ നാവികസേനക്ക് സമര്‍പ്പിച്ചു.

വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ സഞ്ജയ് വത്സയാന്‍, മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍, കപ്പല്‍ നിര്‍മിച്ച കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ പുരോഗതിക്കും വാണിജ്യത്തിനും സുരക്ഷിതമായ സമുദ്രപാതകള്‍ അനിവാര്യമാണെന്നും ഇതില്‍ നാവികസേന നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും എ.പി. സിങ് പറഞ്ഞു. 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ കപ്പല്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ്.

പ്രതിരോധ നിര്‍മാണ രംഗത്ത് ഭാരതം കൈവരിക്കുന്ന സ്വയംപര്യാപ്തതയുടെ മികച്ച ഉദാഹരണമാണ് ഐഎന്‍എസ് മാല്‍വന്‍ എന്നും, കാര്‍വാറില്‍ കമ്മീഷന്‍ ചെയ്യുന്ന ആദ്യത്തെ നാവികസേനാ കപ്പലാണിതെന്നും വൈസ് അഡ്മിറല്‍ സഞ്ജയ് വത്സയാന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്ന ഏഴാമത്തെ യുദ്ധക്കപ്പലാണിതെന്നും, ഇത്തരത്തിലുള്ള 12 എണ്ണം കൂടി ഉടന്‍ തയാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശത്രുക്കളുടെ അന്തര്‍വാഹിനികളെ എളുപ്പത്തില്‍ കണ്ടെത്തി തകര്‍ക്കാനും, തീരദേശ പ്രതിരോധവും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കാനും ഈ പുതിയ കപ്പല്‍ ഭാരതത്തെ സഹായിക്കും.

Top