ഇറാനില്‍ തുടര്‍ച്ചയായ 11-ാം ദിവസവും വ്യോമാക്രമണം നടത്തി അമേരിക്ക; മുന്നറിയിപ്പുമായി ട്രംപും ഇറാനും

ന്യുഡല്‍ഹി: ഇറാനില്‍ തുടര്‍ച്ചയായ 11-ാം ദിവസവും ആക്രമണം തുടര്‍ന്ന് അമേരിക്ക. ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് എതിരെയുള്ള ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും സൈനിക ശേഷി തകര്‍ക്കുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് അമേരിക്കയുടെ വിശദീകരണം.

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍, നാവിക ശേഷികള്‍, വിമാന ഹാംഗറുകള്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോര്‍മുസ് കടലിടുക്കില്‍ 30-ലധികം വാണിജ്യ കപ്പലുകളെ ഇറാന്‍ ആക്രമിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് ആരോപിച്ചു.
നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് വാണിജ്യ ഗതാഗതത്തിനായി തുറന്നുകിടക്കുകയാണെന്നും മെയ് ആദ്യം മുതല്‍ 900-ലധികം കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് സഹായം നല്‍കിയതായും യുഎസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രിസ്, ഖുസെസ്താന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം ഉണ്ടായതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അമേരിക്കയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്റെ സായുധസേനയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും മുന്നറിയിപ്പ് നല്‍കി.

ആണവ കേന്ദ്രങ്ങളെയോ സുപ്രധാന കേന്ദ്രങ്ങളെയോ ആക്രമിച്ചാല്‍ അത് യുദ്ധ വ്യാപനമായി കാണുമെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വ്യക്തമാക്കി. യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 91.51 ഡോളറിലെത്തി.

 

Top