തിരുവനന്തപുരം: സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ അസാധാരണമായ നടപടി. നാടക കലാകാരനായ വിജയകുമാറിനെക്കുറിച്ചുള്ള ‘കള്ളന്‍വിജയന്‍’ എന്ന ഫീച്ചര്‍ വാരാന്തപ്പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് വിവാദമായതോടെ, അതിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റര്‍ കെ.ആര്‍. അജയനെ ഓഫീസ് മുറിയുടെ വാതില്‍പൂട്ടി ‘പുറത്താക്കി’. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോളാണ് വാതില്‍ പൂട്ടിയിരിക്കുന്നത് കണ്ടത്. ഇത് തുറന്നുനല്‍കിയതുമില്ല.
പാര്‍ട്ടിക്കും പത്രത്തിനും അവമതിപ്പുണ്ടാക്കിയെന്നുകാണിച്ച് അദ്ദേഹത്തിന് റസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. തിങ്കളാഴ്ചതന്നെ വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസിലുള്ളത്. അജയന്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിലാണ് വിവാദ ഫീച്ചര്‍ ഉണ്ടായിരുന്നത്. ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്നപേരില്‍ വി.എസിനെക്കുറിച്ചുള്ള കെ.വി. സുധാകരന്റെ ഓര്‍മ്മക്കുറിപ്പാണ് വാരാന്തപ്പതിപ്പിന്റെ മുഖലേഖനമായിരുന്നത്. അവസാനപേജിലാണ് ടി.സി. രാജേഷ് തയ്യാറാക്കിയ ‘കള്ളന്‍വിജയന്‍, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ’ എന്ന ഫീച്ചറുണ്ടായിരുന്നത്. വി.എസിന്റെ ഓര്‍മ്മക്കുറിപ്പും ‘കള്ളന്‍വിജയന്‍’ എന്ന ഫീച്ചറും ഒരു വാരാന്തപ്പതിപ്പില്‍ വരുന്നത് തെറ്റായ വ്യാഖ്യാനത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടിയും വിതരണവും നിര്‍ത്തിയത്. വാരാന്തപ്പതിപ്പ് നിര്‍ത്തിയതുസംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതിനെക്കുറിച്ചാണ് അജയനുനല്‍കിയ നോട്ടീസിലെ ചോദ്യം.
പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടുന്ന വിഭാഗീയത ദേശാഭിമാനിയിലേക്കുകൂടി പടര്‍ന്നതിന്റെ ഫലമായാണ് ഈ വിവരം പുറത്തായതെന്നാണ് സൂചന.
ദേശാഭിമാനി യുക്തംപോലെ ചെയ്യട്ടെ – വി.എ. അരുണ്‍കുമാര്‍
ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍. ദേശാഭിമാനി യുക്തംപോലെ ചെയ്യട്ടെയെന്നാണ് പറയാനുള്ളത്. പത്രം പ്രസിദ്ധീകരിക്കുന്നതും പ്രസിദ്ധീകരിക്കാതിരിക്കുന്നതും രാഷ്ട്രീയമാണ്. അതിനപ്പുറം ഒന്നും പറയാനില്ല. ലേഖനത്തെക്കുറിച്ച് തന്നോടോ കുടുംബാംഗങ്ങളോടോ സംസാരിച്ചിട്ടില്ല- അരുണ്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വി.എസ്. സ്മാരകത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വവുമായി പലതവണ സംസാരിച്ചിരുന്നുവെന്നും കുടുംബത്തിന്റെ അഭിപ്രായം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.









