ഓപ്പറേഷന്‍ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേര്‍ അറസ്റ്റില്‍

കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി മയക്കുമരുന്ന് ഗുളികകള്‍ (ട്രാമഡോള്‍) ഡല്‍ഹിയില്‍ പിടികൂടി. സംഭവത്തില്‍ മലയാളി സൂത്രധാരരുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയില്‍ നിന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് (സി.ബി.എന്‍.) പിടികൂടിയത്.

കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് നടത്തിവരുന്ന ‘ഓപ്പറേഷന്‍ വജ്ര’ ദൗത്യത്തിന്റെ ഭാഗമായാണ് വന്‍ ലഹരിവേട്ട നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ഉള്‍പ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബെംഗളൂരുവില്‍ നിന്നു മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കുന്ന ശക്തമായ വേദനസംഹാരിയാണ് ട്രാമഡോള്‍. ഡല്‍ഹിയിലെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന ട്രാമഡോളാണ് സിബിഎന്‍ സംഘം പിടിച്ചെടുത്തത്. സംഘര്‍ഷ മേഖലകളില്‍ ലഹരി മരുന്നായാണ് ഇവ ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കെതിരേയും 1985ലെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജൂലൈ 10നും 20നും ഇടയില്‍ ഗ്വാളിയോറിലെ സിബിഎന്‍ പ്രിവന്റീവ് സംഘം ബെംഗളൂരു, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലെ ഡിആര്‍ഐ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ വലയിലായത്.

ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയ- ബിസാവുവിലേക്ക് കയറ്റി അയക്കാന്‍ എന്ന വ്യാജേന രേഖകള്‍ ഉണ്ടാക്കി ലഹരി ശേഖരം ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. അന്താരാഷ്ട്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗ്വിനിയ- ബിസാവുവിലെ അധികാരികളുമായും ഏകോപിപ്പിച്ച് സിബിഎന്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളെക്കുറിച്ച് സൂചന ലഭിച്ചത്

 

Top