ബെംഗളൂരുവില്‍ തടാകത്തില്‍ ഉപേക്ഷിച്ച സ്യൂട്ട്കേസില്‍ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസിനുള്ളില്‍ 61-കാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കെങ്കേരി സ്വദേശിനിയായ ജയമ്മയുടേതാണ് മൃതദേഹമെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് തടാകത്തില്‍ തള്ളിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാവിലെ തടാകത്തില്‍ വലിയ സ്യൂട്ട്‌കേസ് പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പളഗോഡു പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സാരിയില്‍ പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്‌കേസിന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ ഏതാനും ദിവസം മുമ്പാണ് തടാകത്തില്‍ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയമ്മയെ കാണാതായതായി കുടുംബം നേരത്തേ പരാതി നല്‍കിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ കാണാതായ സാഹചര്യത്തില്‍ കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊലപാതകമാണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം, പ്രതികളുടെ പങ്ക്, കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Top