ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സര്‍ക്കാര്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണെന്നും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കി ചൂഷണം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പരിഹാരം കാണുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് രാഷ്ട്രീയ വാര്‍ത്തകളില്‍ ഇടംപിടിക്കാനായി തടസ്സങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നുവെന്നും പ്രധാന്‍ പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘നീറ്റ് വിഷയം ചര്‍ച്ച ചെയ്യുന്നതിനും നമ്മുടെ യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പാര്‍ലമെന്റില്‍ ഉന്നയിച്ച് അവ പരിഹരിക്കുന്നതിനും ഞങ്ങളുടെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നതിനേക്കാള്‍ മെച്ചപ്പെട്ട പരിഗണനയാണ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ അര്‍ഹിക്കുന്നത്. അനിശ്ചിതത്വത്തിന് പകരം ഉറപ്പും, മുദ്രാവാക്യങ്ങള്‍ക്ക് പകരം പരിഹാരങ്ങളും, തടസ്സപ്പെടുത്തലുകള്‍ക്ക് പകരം ഉത്തരവാദിത്തവുമാണ് അവര്‍ക്ക് ആവശ്യം’ എന്നും പ്രധാന്‍ എക്സില്‍ കുറിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയും സുരക്ഷാ പ്രോട്ടോക്കോളുകളെ നിസ്സാരമാക്കിയുമാണ് കോണ്‍ഗ്രസും രാഹുല്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് ശേഷവും, കോണ്‍ഗ്രസ് ജനാധിപത്യ ചര്‍ച്ചകളെക്കാള്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കുള്ള പരിഹാരങ്ങളായിരുന്നില്ല അവരുടെ ലക്ഷ്യം, മറിച്ച് രാഷ്ട്രീയ വാര്‍ത്തകള്‍ക്കായി തടസ്സങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം, ഇത് വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിഷയമല്ല. മറിച്ച്, ചര്‍ച്ചയ്ക്കുള്ള എല്ലാ യഥാര്‍ത്ഥ വഴികളും തുറന്നിട്ടിട്ടും സംഘര്‍ഷം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണിത്. വിദ്യാര്‍ഥികളോട് വെറും രോഷം പ്രകടിപ്പിക്കുന്നതിലുപരി നമുക്ക് മറ്റ് ചില കടമകളുണ്ട്; അവര്‍ക്ക് ഉത്തരങ്ങളും പരിഷ്‌കരണങ്ങളും ഉത്തരവാദിത്തബോധത്തോടെയുള്ള നടപടികളും നല്‍കേണ്ടതുണ്ട്. കൃത്യമായി അത് നടപ്പിലാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’ പ്രധാന്‍ പറഞ്ഞു.


