‘ഗോഡ്‌സില്ല’ സിനിമാ പരമ്പരകളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന പ്രമുഖ ഹോളിവുഡ് ബാലതാരം കെയ്ലി ഹോട്ട്ല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ അമേരിക്കയിലെ മേരിലാന്‍ഡിലുണ്ടായ വാഹനാപകടത്തിലാണ് താരം ദാരുണമായി കൊല്ലപ്പെട്ടത്. കെയ്ലിയുടെ പിതാവാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കെയ്ലി സഞ്ചരിച്ചിരുന്ന ഹോണ്ട അക്കോര്‍ഡ് കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന 19-കാരനായ ഡ്രൈവര്‍ അപകടനില തരണം ചെയ്തതായും മൂന്നാമത്തെ യാത്രക്കാരന് പ്രാഥമിക ചികിത്സയുടെ പോലും ആവശ്യമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മകളുടെ വിയോഗവാര്‍ത്ത പിതാവ് ജോഷ്വാ ഹോട്ട്ല്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് പുറത്തുവിട്ടത്. ‘എനിക്ക് ഒരിക്കലും പോകാന്‍ ആഗ്രഹമില്ലാത്ത ഒരു യാത്രയ്ക്ക് ഞാന്‍ തയ്യാറെടുക്കുന്നു’ എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ ലൈവ് വീഡിയോ. ടെക്‌സസില്‍ നിന്നും മകളുടെ മൃതദേഹം ഏറ്റുവാങ്ങാനായി മേരിലാന്‍ഡിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹം ദുഃഖവാര്‍ത്ത പങ്കുവെച്ചത്.
സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ജോഷ്വാ ആംഗ്യഭാഷയിലാണ് വാര്‍ത്ത ആരാധകരോട് പറഞ്ഞത്. അപകടത്തിന് തൊട്ടുപിന്നാലെ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ കെയ്ലിയുടെ ഹൃദയമിടിപ്പ് നിലച്ചതായി അധികൃതര്‍ ഫോണിലൂടെ അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം കണ്ണീരോടെ വ്യക്തമാക്കി. കെയ്ലി പഠിച്ചിരുന്ന ‘ടെക്‌സസ് സ്‌കൂള്‍ ഫോര്‍ ദി ഡെഫ്’ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി. തങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സ്‌കൂള്‍ അധികൃതരും സഹപാഠികളും വലിയ ആഘാതത്തിലാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം സഹപാഠികള്‍ക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള പിന്തുണ ഉറപ്പാക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
2021-ല്‍ പുറത്തിറങ്ങിയ ‘ഗോഡ്‌സില്ല വര്‍സസ് കോങ്’, 2024-ലെ ‘ഗോഡ്‌സില്ല ഃ കോങ്: ദി ന്യൂ എംപയര്‍’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ ‘ജിയ’ എന്ന കഥാപാത്രത്തിലൂടെയാണ് കെയ്ലി ലോകശ്രദ്ധ നേടിയത്. ചിത്രത്തില്‍ കിങ് കോങ്ങുമായി ആംഗ്യഭാഷയിലൂടെ വിനിമയം നടത്തുന്ന കഥാപാത്രമായിരുന്നു കെയ്ലിയുടേത്. സിനിമയിലെ തിരക്കഥ ആംഗ്യഭാഷയിലേക്ക് മാറ്റുന്ന പ്രക്രിയയില്‍ കെയ്ലിയും മാതാപിതാക്കളും സജീവമായി പങ്കാളികളായിരുന്നു. ചിത്രീകരണ സമയത്ത് സെറ്റിലെ സഹ-അഭിനേതാക്കള്‍ക്ക് ആംഗ്യഭാഷ പഠിപ്പിച്ചു കൊടുത്തതും കെയ്ലിയായിരുന്നു. കേള്‍വിപരിമിതിയുള്ള ഒരു വ്യക്തിയുമായി ആദ്യമായി ഇടപഴകിയ സഹപ്രവര്‍ത്തകര്‍ക്ക് കെയ്ലിയുടെ സഹായം വലിയ പിന്തുണയായി.
കെയ്ലിയുടെ അഭിനയമികവിനെ പ്രശസ്ത നടന്‍ അലക്‌സാണ്ടര്‍ സ്‌കാര്‍സ്ഗാര്‍ഡ് മുന്‍പ് ഏറെ പുകഴ്ത്തിയിരുന്നു. ആദ്യ സിനിമയാണെന്ന് തോന്നിക്കാത്ത വിധം കെയ്ലി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്നും, ചിത്രത്തിന്റെ യഥാര്‍ത്ഥ തിളക്കം കെയ്ലിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കെയ്ലിയുമായി സംവദിക്കുന്നതിനായി അദ്ദേഹം ആംഗ്യഭാഷ പഠിക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ക്ക് കേള്‍വിപരിമിതിയുള്ള അന്തരീക്ഷത്തിലാണ് കെയ്ലി വളര്‍ന്നത്.
സിനിമയ്ക്ക് പുറമേ ‘മാഗ്‌നം പി.ഐ’ എന്ന ടെലിവിഷന്‍ പരമ്പരയിലും, കേള്‍വിപരിമിതിയുള്ളവര്‍ക്കായുള്ള ഉപകരണങ്ങളുടെ പരസ്യങ്ങളിലും കെയ്ലി അഭിനയിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളിലെ മികച്ച ഒരു ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കായികതാരം കൂടിയായിരുന്നു ഈ മിടുക്കി.


