ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭ സമരം ഡല്‍ഹി ജന്തര്‍ മന്തറില്‍ തുടരുന്നു. ജന്തര്‍ മന്തറിലല്ലാതെ രാജ്യതലസ്ഥാനത്തെ മറ്റൊരിടത്തും ഒത്തുകൂടാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.ജന്തര്‍ മന്തറില്‍ തികച്ചും സമാധാനപരമായ രീതിയിലാണ് സമരം പുരോഗമിക്കുന്നത്.
എന്നാല്‍, ചില അക്രമികള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ച് ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും, ഇത്തരക്കാരുമായി സി.ജെ.പിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി ഡല്‍ഹിയില്‍ പൊലീസും സമരക്കാരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകളാണ് അരങ്ങേറുന്നത്.
ഇതിനിടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. വിഷയം പാര്‍ലമെന്റില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് കടുത്ത പ്രക്ഷുബ്ധതയ്ക്ക് സാക്ഷ്യം വഹിച്ചേക്കും.




