ഭര്‍തൃപിതാവിന്റെ ലൈംഗിക വൈകൃതങ്ങളും അതിക്രമങ്ങളും പുറംലോകമറിയാതിരിക്കാന്‍ ഗൂഡാലോചന നടന്നു; മക്കളുടേയും ഭര്‍ത്താവിന്റേയും അമ്മായി അമ്മയുടേയും മരണത്തിന് ശേഷം പുറത്തു വന്ന ആത്മഹത്യാക്കുറിപ്പില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ ചതി; നാടക നടന്‍ അതിക്രൂരന്‍; സത്യം വെളിപ്പെടുത്തി മരുമകള്‍

കണ്ണൂര്‍: പയ്യനൂരിനെ നടുക്കിയ പോക്‌സോ കേസിലും നാലുപേരുടെ മരണത്തിലും ഉള്‍പ്പെട്ട പ്രമുഖ നാടക നടനെതിരെ മുന്‍പ് നല്‍കിയ പരാതികളും ക്രൂരമായ അനുഭവങ്ങളും തുറന്നുപറഞ്ഞ് മരുമകള്‍ രംഗത്ത്. കഴിഞ്ഞവര്‍ഷം നാലുപേരുടെ ജീവനറ്റ ദാരുണ സംഭവത്തിന് പിന്നില്‍ ഭര്‍തൃപിതാവായ നടന്റെ അതിക്രൂരമായ ഇടപെടലുകളാണെന്നും, ആത്മഹത്യയെന്ന് കരുതപ്പെട്ടത് സ്വന്തം പീഡനവിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഇയാള്‍ നടത്തിയ തെളിവുനശിപ്പിക്കലും കൊലപാതകവുമാണെന്ന് സംശയിക്കുന്നതായും യുവതി വെളിപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും മറ്റൊരു പോക്‌സോ കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തുവരുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22-നായിരുന്നു യുവതിയുടെ ആറും രണ്ടും വയസ്സുള്ള മക്കളും ഭര്‍ത്താവും ഭര്‍തൃമാതാവും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആ അവിശ്വസനീയ ദുരന്തത്തിന് പിന്നാലെ, കുഞ്ഞുങ്ങളെ മുത്തച്ഛനായ ഈ നാടക നടന്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നുവെന്ന് തെളിയുകയും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് ഏഴുമാസത്തിന് ശേഷമാണ് പ്രതിയുടെ യഥാര്‍ത്ഥ മുഖംമൂടി അഴിച്ചുവെക്കുന്ന ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് കുട്ടികളുടെ അമ്മയെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കി അപ്പാടെ കൊലപ്പെടുത്തിയതാണെന്നാണ് യുവതിയുടെ പ്രധാന ആരോപണം. ഭര്‍തൃപിതാവിന്റെ ലൈംഗിക വൈകൃതങ്ങളും അതിക്രമങ്ങളും പുറംലോകമറിയാതിരിക്കാനും അന്വേഷണം തന്നിലേക്ക് നീളാതിരിക്കാനും ആസൂത്രിതമായി നടത്തിയ നാടകമാണ് ഈ ദുരന്തമെന്ന് ഇവര്‍ സംശയിക്കുന്നു. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിരന്തരം കണ്ട പാടുകളും സ്വകാര്യഭാഗത്തെ നീറ്റലും സംബന്ധിച്ച് കുട്ടി തന്നെ വെളിപ്പെടുത്തിയതോടെയാണ് മുത്തച്ഛന്റെ ക്രൂരത താന്‍ തിരിച്ചറിഞ്ഞതെന്നും അമ്മ പറയുന്നു.

താന്‍ സത്യങ്ങള്‍ മനസ്സിലാക്കിയെന്ന് ബോധ്യപ്പെട്ടതോടെ ഭര്‍തൃപിതാവ് ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ ജീവനോടെ വെച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും, തനിക്കെതിരെ ശാരീരിക-മാനസിക പീഡനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. തന്നെ ഒരു മാനസികരോഗിയായി ചിത്രീകരിക്കാനും, ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കാനും ഇയാള്‍ കരുക്കള്‍ നീക്കി. കൈ തല്ലിയൊടിക്കുന്നതടക്കമുള്ള ക്രൂരമര്‍ദ്ദനങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃപിതാവില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്നതായും യുവതി കണ്ണീരോടെ ഓര്‍ക്കുന്നു.

ശാരീരിക അതിക്രമങ്ങള്‍ അതിരുവിട്ടതോടെയാണ് കുട്ടിയെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതും കുട്ടി പീഡനത്തിനിരയായ വിവരം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചെങ്കിലും, ഇയാളുടെ രാഷ്ട്രീയ സ്വാധീനവും പ്രാദേശിക ജനപ്രീതിയും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമം നടന്നത്. പോലീസ് പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും, സമയബന്ധിതമായി നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നു.

ദുരന്തം നടക്കുന്നതിന് തലേദിവസം കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി വെളിപ്പെടുത്തുന്നു. ഉടന്‍ തന്നെ പിങ്ക് പോലീസിനെ വിവരം അറിയിച്ചെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞ് പോലീസ് മടങ്ങുകയായിരുന്നു. അന്ന് പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തന്റെ കുഞ്ഞുങ്ങളെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നുവെന്ന് ഇവര്‍ വിങ്ങിപ്പൊട്ടുന്നു.

മരണത്തിന് ശേഷം പുറത്തുവന്ന ആത്മഹത്യാക്കുറിപ്പില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് തന്നെ കുടുക്കാനായി പ്രതി മുന്‍കൂട്ടി തയ്യാറാക്കിയ ചതിയായിരുന്നു. കുഞ്ഞുങ്ങളുടെ ചിതാഭസ്മത്തോടൊപ്പം പ്രതിയുടെ ചിതാഭസ്മവും അടക്കം ചെയ്യാന്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന അന്തരീക്ഷം വരെ ഇയാള്‍ സൃഷ്ടിച്ചെടുത്തു.

നാടകരംഗത്തെയും രാഷ്ട്രീയത്തിലേയും സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇപ്പോഴും ശ്രമിക്കുന്ന ഈ പ്രതിയുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരണമെന്ന് യുവതി ആവശ്യപ്പെടുന്നു. ഒന്നിനുപുറകേ ഒന്നായി പോക്‌സോ കേസുകളില്‍ കുടുങ്ങുന്ന ഇയാള്‍ക്കെതിരെയും കുടുംബത്തിന്റെ ദാരുണ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ വെളിച്ചത്തുകൊണ്ടുവരാനും സമഗ്ര അന്വേഷണം വേണമെന്നാണ് മരുമകളുടെ ആവശ്യം.

 

Top