ബംഗളൂരു: മലയാളികള്‍ക്ക് സുപരിചിതയായ മറ്റൊരു സിനിമാ താരം കൂടി വിവാഹമോചനത്തിനൊരുങ്ങുന്നു. തെന്നിന്ത്യന്‍ നടി പ്രേമയാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവന്‍ അപ്പാച്ചുവുമായുള്ള പത്തുവര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ കോടതിയെ സമീപിച്ചെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ദീര്‍ഘനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നും ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചുവെന്നുമാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കുടക് സ്വദേശിയാണു പ്രേമ. അപ്പാച്ചുവുമായുള്ള നടിയുടെ വിവാഹം 2006ലായിരുന്നു. സവ്യസാചി എന്ന കന്നഡ സിനിമയിലൂടെയാണ് ഇവര്‍ അഭിനയരംഗത്ത് എത്തിയത്. മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ പ്രേമ ജയറാമിനൊപ്പം ദൈവത്തിന്റെ മകനിലും അഭിനയിച്ചു.
മോഹന്‍ ബാബു, കൃഷ്ണ, രവി ചന്ദ്രന്‍, സായി കുമാര്‍, രമേഷ് അരവിന്ദ് എന്നിവരുടെ നായികയായി വേഷമിട്ടിട്ടുണ്ട്. 39 വയസുള്ള താരം 75ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും പ്രേമയ്ക്കു ലഭിച്ചിരുന്നു.