ബെംഗളൂരു: പാക്കിസ്ഥാന്‍ നരകമല്ലെന്ന നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യയുടെ പരാമര്‍ശം വിവാദമാകുന്നു. രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകനാണ് പരാതി നല്‍കിയത്. പാക്കിസ്ഥാനെ അഭിനന്ദിക്കുന്നതിലൂടെ ഇന്ത്യയെ അപമാനിക്കുകയും ഇന്ത്യക്കാരെ പ്രകോപിപ്പിക്കുകയുമാണ് ചെയ്തതെന്ന് കേസ് നല്‍കിയ കെ.വിട്ടല്‍ ഗൗഡ പറയുന്നു.
സോംവാര്‍പേട്ടിലെ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കേസ്. രമ്യയ്‌ക്കെതിരെ ഐപിസി 124എ വകുപ്പ് ചുമത്തണമെന്നാണ് ആവശ്യം. ഇത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന വകുപ്പാണ്. ഈ മാസം 27നാണ് കേസ് പരിഗണിക്കുക.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാക്കിസ്ഥാനെ നരകത്തോട് താരതമ്യം ചെയ്തതിനെ എതിര്‍ത്താണ് താരം പാക്കിസ്ഥാനെ പുകഴ്ത്തിയത്. പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നത് പോലെയാണ് എന്നായിരുന്നു പരീക്കറിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദില്‍ പോയ രമ്യം, മടങ്ങിയെത്തിയപ്പോഴാണ് പാക്കിസ്ഥാനില്‍ ലഭിച്ച സ്വീകരണത്തെക്കുറിച്ച് വാചാലയായത്.
പാക്കിസ്ഥാന്‍ നരകമല്ല. അവിടെയുള്ള ജനങ്ങള്‍ നമ്മളെപ്പോലെ തന്നെയുള്ളവരാണ്. അവര്‍ ഞങ്ങളെ വളരെ നന്നായാണ് സ്വീകരിച്ചത്. ആവശ്യമായ എല്ലാ സൗകര്യങ്ങളും അവര്‍ നല്‍കി – രമ്യ പറഞ്ഞു. എന്നാല്‍, രമ്യയുടെ ഈ അഭിപ്രായത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അതേസമയം, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നുമാണ് രമ്യയുടെ നിലപാട്.