ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ നീയങ്ങ് പൊക്കോളിൻ: സുരഭി

കോഴിക്കോട്:  ഫേസ് ബുക്ക് ലൈവിനിടെ നടി സുരഭിയുടെ കമന്റ് വൈറലാകുന്നു.    മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയാലും സുരഭിലക്ഷ്മി ആ കോഴിക്കോടൻ ഭാഷകൊണ്ട് മലയാളി മനസ്സുകളിൽ ഇടം നേടിയ ആ പഴയ സുരഭി തന്നെയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരാജാടകളൊന്നും ഇല്ലാത്ത ഈ താരസുന്ദരി. സുരഭി ഒരു മികച്ച കഥാപാത്രമായെത്തുന്ന ചിത്രം മിന്നാമിനുങ്ങ് കേരളത്തിലെ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവരുടെ കഥപറയുന്ന മിന്നാമിനുങ്ങിൽ സ്വന്തം മക്കൾക്കും അച്ഛനും വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന 45 കാരിയായി ആണ് സുരഭി പ്രത്യക്ഷപ്പെടുന്നത്. മിനി സ്ക്രീനിൽ നമ്മൾ കണ്ടു ശീലിച്ച സുരഭിയെയല്ല മിന്നാമിനുങ്ങിൽ കാണാനാവുക, എടുപ്പിലും നടപ്പിലും വരെ മറ്റൊരാളായി മാറിയ സുരഭി ഈ കഥാപാത്രത്തെ അത്യുജ്വലമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ഈ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ സുരഭി ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപെട്ടതും തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് എന്നുള്ളതാണ് സുരഭിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വീട്ടിലെ അടുക്കളപ്പണികൾ തീർത്തിട്ട് കൈരളി തീയറ്ററിലേക് സിനിമ കാണാൻ പോകുന്നതിനുള്ള ഒരുക്കങ്ങൾക്കിടയിൽ ഇടയിലാണ് പ്രേക്ഷകർക്കിടയിലേക്ക് ലൈവിൽ എത്താൻ ഈ താരം സമയം കണ്ടെത്തിയത്. ലൈവിൽ ഇഷ്ടതാരത്തിന് ആശംസകൾ നേർന്നാണ് ഭൂരിഭാഗം പേരും എത്തിയത് എങ്കിലും ഒരാൾ ഇതിനിടയിൽ സുരഭിയെ പരിഹസിച്ച് രംഗത്തെത്തി. “ദേശീയ പുരസ്കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിർത്തിക്കൂടെ” എന്ന് സുരഭിയെ പരിഹസിച്ചെങ്കിലും അയാളുടെ ചോദ്യം കണ്ട സുരഭി ചിരിച്ച് കൊണ്ട് തന്നെ സ്ഥിരം ശൈലിയിൽ കോഴിക്കോടൻ ഭാഷയിൽ തന്നെ മറുപടി നൽകി “ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ നീയങ്ങ് പൊക്കോളിൻ, ഞാൻ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ”. ഇതിലും മികച്ച ഒരു പ്രതികരണം അയാൾക്ക് ആവശ്യം ഇല്ലാന്ന് ഈ ദേശീയ അവാർഡ് ജേതാവിന് തോന്നിയിട്ടുണ്ടാകും .

Top