ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവായി മുതിര്‍ന്ന നേതാവും പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പിയുമായ ആധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയില്‍ എല്ലാ പ്രധാന സെലക്ഷന്‍ കമ്മിറ്റികളിലും ചൗധരിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് സഭാകക്ഷിനേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഖാര്‍ഗെയുടെ അസാന്നിധ്യത്തില്‍ രാഹുല്‍ തന്നെ കക്ഷിനേതാവിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് പോലും തുടരാന്‍ ഇല്ലെന്നായിരുന്നു രാഹുലിന്റെ തീരുമാനം. തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ അടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും ഒടുവില്‍ ചൗധരിക്ക് നറുക്ക് വീഴുകയായിരുന്നു.
അഞ്ച് തവണ പാര്‍ലമെന്റ് അംഗമായിരുന്ന പരിചയം കണക്കിലെടുത്താണ് ചൗധരിയെ കക്ഷിനേതാവാക്കാന്‍ തീരുമാനിച്ചത്. എന്‍.ഡി.എയുടെ ലോക്സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയ്ക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തേണ്ടെന്നും ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ലോക്സഭാ, നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയെന്ന ലക്ഷ്യത്തോടെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.
നേരത്തെ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു.അതിനിടെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ ഇന്ന് സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. യു.പി.എ അദ്ധ്യക്ഷയെന്ന നിലയില്‍ സോണിയാ ഗാന്ധിക്ക് നേരത്തെ സത്യപ്രതിജ്ഞ ചൊല്ലാന്‍ അവസരം നല്‍കണമെന്ന അപേക്ഷ പരിഗണിക്കാത്തത് ഇന്നലെ സഭയില്‍ ചെറിയ വാഗ്വാദത്തിന് ഇടയാക്കിയിരുന്നു. 2014ല്‍ എന്‍.ഡി.എ അദ്ധ്യക്ഷനും യു.പി.എ അദ്ധ്യക്ഷയ്ക്കും സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ഗണന നല്‍കിയിരുന്നു. അപേക്ഷ അംഗീകരിക്കാതെ വന്നതോടെ ഇന്ന് യു.പിയിലെ അംഗങ്ങള്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തുകൊള്ളാമെന്ന് സോണിയ അറിയിക്കുകയായിരുന്നു.