തിരുവനന്തപുരം: മകന്റെ വിവാഹ നിശ്ചയം നടത്തിയതിന് പുലിവാലുപിടിച്ച മുന്‍ മന്ത്രി അടൂര്‍ പ്രകാശ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രതികരിക്കുന്നു. ബിജു രമേശിന്റെ മകളുമായിട്ടുള്ള വിവാഹം ഉറപ്പിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് അടൂര്‍ പറയുന്നു. അന്ന് ബാഴ കോഴ വിവാദം പുറത്തുവന്നിട്ടില്ലായിരുന്നു. വിഎം സുധീരന്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും അടൂര്‍ പ്രകാശ് പറയുന്നു.
തന്റെ മകന്റെ വിവാഹ ബന്ധവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് നേട്ടമുണ്ടാക്കാനാണ് കെ എം മാണി ശ്രമിക്കുന്നതെന്ന്. യുഡിഎഫ് മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അടൂര്‍ പ്രകാശിന്റെ വിമര്‍ശനം.
വ്യക്തിപരമായ കാര്യങ്ങള്‍ പൊതു ചര്‍ച്ചയാക്കിയ സുധീരന്റെ നടപടി ശരിയായില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സുധീരന്‍ വ്യക്തിപരമായി വേട്ടയാടുകയാണ് ചെയ്യുന്നത്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. മകന്റെ വിവാഹ നിശ്ചയത്തിന് സുധീരനെ നേരിട്ട് ക്ഷണിച്ചതാണ്. കെ എം മാണിയുടെ കൊച്ചു മകളുടേയും വിഎം സുധീരന്റെ മകളുടേയും വിവാഹത്തിന് താന്‍ പങ്കെടുത്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ബിജു രമേശിന്റെ മകളുമായി മകന് വിവാഹം ആലോചിച്ചത് രണ്ട് വര്‍ഷം മുന്‍പാണ്. ബാര്‍ കോഴ വിവാദം ഉണ്ടായത് കൊണ്ടാണ് വിവാഹ ചടങ്ങുകള്‍ നീട്ടി വച്ചത്. കുടുംബത്തിലെ തീരുമാനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം റവന്യു മന്ത്രിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നതിന് എതിരേയും അടൂര്‍ പ്രകാശ് സംസാരിച്ചു. മെത്രാന്‍ കായല്‍ ഇടപാടില്‍ ഉള്‍പ്പെടെ പങ്കാളിയല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിസന്ധിയില്‍ കൂടെ നിന്നത് ഉമ്മന്‍ചാണ്ടി മാത്രമാണെന്നും അല്ലാത്തവര്‍ കാര്യങ്ങള്‍ പിന്നീട് തിരിച്ചറിയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു