കൊച്ചി : കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ അഡ്വ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിക്കല്‍ കുറ്റംചുമത്തിയാണ് അറസ്റ്റ്. ഐപിസി 201 വകുപ്പ് പ്രകാരമാണ് കേസ്. ജാമ്യം നല്‍കി വിട്ടയക്കും.
പൾസർ സുനിയുടെ മുൻ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയിരുന്നുവെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് പൊലീസ് ആരാഞ്ഞത്.
രാവിലെ പത്തേ കാലോടെയാണ് പ്രതീഷ് ചാക്കോ ആലുവ പൊലീസ് ക്ലബിലെത്തിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഘട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന ഉറപ്പ് പ്രതീഷ് ചാക്കോയുടെ അഭിഭാഷകൻ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ വഴി ദിലീപിന്റെ വിശ്വസ്തരുടെ കൈയ്യിലെത്തിയതായാണ് പൊലീസ് വാദം.
കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ആർക്കാണ് കൈമാറിയത്? ദൃശ്യങ്ങൾ കൈമാറ്റം ചെയ്തിരുന്നോ? ദിലീപുമായി ആശയവിനിമയം നടത്തിയിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ആരാഞ്ഞത്. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാവില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.


