കാറില്‍ ബീക്കണ്‍ ലൈറ്റ്; ഇന്റലിജന്‍സ് എന്‍ഫോഴ്‌സ്‌മെന്റി ബോര്‍ഡ്; പണം കടം വാങ്ങി തട്ടിപ്പുനടത്തുന്ന പറവൂരിലെ അഭിഭാഷകന്‍ കുടുങ്ങി

കൊച്ചി: കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതിരുന്ന അഭിഭാഷകന്‍ കടക്കാരെ വിരട്ടാന്‍ വ്യാജസര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ഒടുവില്‍ പോലീസ് പിടിയിലായി.

സ്വകാര്യ കാറില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ബോര്‍ഡും ചുവന്ന ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ച് തട്ടിപ്പു നടത്തിയ അഭിഭാഷകനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പറവൂര്‍ കോടതിയിലെ അഭിഭാഷകന്‍ പുത്തന്‍വേലിക്കര ഇളന്തിക്കര എന്‍.ജെ പ്രിന്‍സ് (പ്രിന്‍സ് ജനാര്‍ദനന്‍44) ആണു പിടിയിലായത്.

ഡിആര്‍ഐ, ഇഡി എന്നിവയുടെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചെന്നു മൂന്നു മാസം മുന്‍പാണ് ഇയാള്‍ സുഹൃത്തുക്കളായ അഭിഭാഷകരെയും നാട്ടുകാരെയും അറിയിച്ചത്. തുടര്‍ന്ന് വ്യാജ ബോര്‍ഡ് വീട്ടിലും കാറിലും സ്ഥാപിച്ചു.

കാറില്‍ ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചു. ആഡംബര ജീവിതം നയിച്ചിരുന്ന പ്രിന്‍സ് ഒട്ടേറെ പേരില്‍നിന്ന് പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഈ പണം ചോദിച്ചെത്തുന്നവരെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് കേന്ദ്ര ഏജന്‍സികളുടെ പേര് ദുരുപയോഗം ചെയ്തതെന്നാണു സൂചന. മുന്‍പ് ദേശീയപാത അഥോറിറ്റിയുടെയും കെഎസ്ഇബിയുടെയും സ്റ്റാന്‍ഡിങ് കോണ്‍സലായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഡീഷനല്‍ ഗവ. പ്ലീഡറായിരുന്നുവെന്നുമെല്ലാം ഇയാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇതിനൊന്നുമുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സാമ്പത്തിക വഞ്ചന നടത്തിയതിനും വ്യാജ ചെക്ക് നല്‍കിയതിനും ഇയാള്‍ക്കെതിരെ മാളയിലും പറവൂരിലും കേസുകളുണ്ട്. ഡിആര്‍ഐ നല്‍കിയ പരാതിയില്‍ വടക്കേക്കര സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പുലര്‍ച്ചെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ഡല്‍ഹിയിലും മറ്റും ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നും പണം കൈപ്പറ്റിയതായി വിവരമുണ്ടെന്നു പൊലീസ് പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.വിശ്വാസ വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും ഔദ്യോഗിക ചിഹ്നങ്ങള്‍ വ്യാജമായി ചമച്ചു ദുരുപയോഗം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തത്.

Top