കൊച്ചി: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകനെ തലക്കടിച്ച് കൊന്നു .പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയൽവാസികളുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പുത്തൻകാവിന് സമീപത്തായിരുന്നു എബ്രഹാം വർഗീസ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തർക്കമുണ്ടായി. തുടർന്ന് ഇരുചക്രവാഹനത്തിൽ തിരിച്ചുപോവുകയായിരുന്ന എബ്രഹാമിനെ പിന്തുടർന്നെത്തിയ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
പുത്തൻകാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ മൊബൈൽ ഫോണിലേക്കു വിളിച്ചു. ഫോൺ എടുത്തവർ പറഞ്ഞതു വാഹനത്തിനു മുന്നിൽ ഏബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെന്നുമാണ്. പിന്നീട് ഏബ്രഹാം മരിച്ചു.
പൊലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെയാണ് –
വീടിനു കുറച്ചകലെയുള്ള സ്ഥലത്തു മാലിന്യം കളഞ്ഞ ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഏബ്രഹാം. തൊട്ടടുത്ത വീട്ടിലെ യുവാവ് ഇതു കണ്ടു രണ്ടു സുഹൃത്തുക്കളെ വിളിച്ചു വരുത്തി. രണ്ടു ബൈക്കുകളിലായി ഇവർ ഏബ്രഹാമിനെ പിന്തുടർന്നു. ഏബ്രഹാമിന്റെ വീടിനടുത്തുള്ള വളവിൽ വച്ചു ബൈക്കുകൾ കുറുകെ നിർത്തി ഏബ്രഹാമിനെ തടഞ്ഞു. ഏബ്രഹാമിന്റെ ഹെൽമെറ്റ് അഴിച്ച് അതുകൊണ്ടു തലയ്ക്കടിച്ചു. ബോധരഹിതനായി ഏബ്രഹാം പിന്നോട്ടു വീണു.
തുടർന്നു പ്രതികൾ ഏബ്രഹാമിനെ സ്കൂട്ടറിൽ കുറുകെ കിടത്തി അടുത്തുള്ള സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും അവിടെ സ്വീകരിച്ചില്ല. അപകടമുണ്ടായെന്നാണ് പ്രതികൾ ആശുപത്രിയിൽ പറഞ്ഞത്. തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഏബ്രഹാമിന്റെ മൊബൈൽ ഫോണിലേക്കു വീട്ടിൽനിന്നു വിളിച്ചപ്പോൾ അപകടമുണ്ടായെന്നും താലൂക്ക് ആശുപത്രിയിലുണ്ടെന്നും പ്രതികൾ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഭവത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്നാണ് അറിയുന്നത്.ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.