കണ്ണൂർ :സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ പേരില്‍ അഡ്വ. സി. ഷുക്കൂറിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കി. നടപടി സ്വാഗതം ചെയ്ത് ലോയേഴ്‌സ് ഫോറം രംഗത്തും വന്നു . ഷുക്കൂര്‍ തികഞ്ഞ സംഘടനാ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം വഹിച്ചുവന്ന കേരള ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കിയത്.പി ജയരാജനെ സംഘ് പരിവാര്‍ ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി കാണുന്നത് കോഴിയുടെ സംരക്ഷണത്തിന് കുറുക്കനെ കാണുന്നതിന് തുല്യമാണെന്ന് നേതൃത്വം ആരോപിച്ചു . പുതിയ ജില്ലാ പ്രസിഡണ്ടായി അഡ്വ. എം ടി പി കരീമിനി തിരഞ്ഞെടുത്തു .
അതേസമയം പി ജയരാജനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിവാദത്തിലാവുകയും പാര്‍ട്ടി തലത്തില്‍ നടപടിക്ക് വിധേയനാവുകയും ചെയ്ത അഡ്വ. സി ഷുക്കൂര്‍ സ്വാഭാവിക നീതി തനിക്ക് ലഭിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും പ്രതികരിച്ചു. സംഘ്പരിവാര്‍ അക്രമങ്ങളെ ചെറുക്കുന്നതിലും അദ്ദേഹം നേരിട്ട അക്രമങ്ങളെ അതിജീവിച്ചതിനെ കുറിച്ചുമാണ് തന്റെ പോസ്റ്റ്. ഇതില്‍ മുസ്ലിം ലീഗിനെതിരെ ഒരു പരാമര്‍ശം പോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ പോസ്റ്റ് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അത് പിന്‍വലിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അത് അംഗീകരിക്കുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനു പകരം തനിക്കെതിരെ വിശദീകരണം പോലും ചോദിക്കാതെ നടപടി സ്വീകരിക്കുകയാണ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ ചെയ്തതെന്ന് ഷുക്കൂര്‍ പറയുന്നു. ഏതാനും വര്‍ഷം മുമ്പുണ്ടായ ഓണ നാളിലാണ് ജയരാജനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനു ശേഷം സംഘ്പരിവാറിന്റെ ഓരോ ആക്രമത്തെ കുറിച്ചും ശക്തമായി പ്രതികരിക്കുന്ന ജയരാജന്റെ നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു ഷുക്കൂര്‍ പോസ്റ്റില്‍ ചെയ്തിരിക്കുന്നത്. റിയാസ് മൗലവി വധക്കേസിലും ഏറ്റവുമൊടുവില്‍ ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖ് വധക്കേസിലും സ്ഥലം സന്ദര്‍ശിക്കുകയും സംഘ്പരിവാറിനെതിരെയുള്ള പോരാട്ടത്തിനോട് ഐക്യദാര്‍ഡ്യപ്പെടുകയും ചെയ്തതിനെ കുറിച്ചാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയതലത്തില്‍ ബിജെപിക്കെതിരെയും സംഘ്പരിവാറിനെതിരെയും എല്ലാ കക്ഷികളും യോജിക്കുന്ന സാഹചര്യം കൂടി വിലയിരുത്തിക്കൊണ്ടാണ് ഇതേ കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
ഇതിന്റെ പേരില്‍ തനിക്കെതിരെ വലിയ കോലാഹലമാണ് ചില കേന്ദ്രങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്വാഭാവികമായും തനിക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അതേകുറിച്ച് വിശദീകരണം തേടേണ്ടതാണ്. അതുണ്ടായിട്ടില്ല. സംസ്ഥാന നേതൃത്വത്തില്‍ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ പോലും ഉറച്ച ലീഗുകാരനായി തുടരുമെന്നും ഷുക്കൂര്‍ പ്രഖ്യാപിച്ചു.
അതേസമയം ഷുക്കൂറിനെതിരെയുള്ള നടപടിയെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ ന്യായീകരിച്ചു. അരയില്‍ ഷുക്കൂര്‍ വധക്കേസില്‍ മുസ്ലിം ലീഗ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന പി ജയരാജനെ മഹത്വവത്കരിക്കുന്നതിനോട് മുസ്ലിം ലീഗിന് യോജിക്കാന്‍ കഴിയില്ല. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് പറയേണ്ട കാര്യവുമില്ല. ഷുക്കൂര്‍ ചെയ്തത് അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഷുക്കൂര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എം സി ഖമറുദ്ദീന്‍ സൂചിപ്പിച്ചു. ഇതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഖമറുദ്ദീന്‍ തയ്യാറായില്ല.
നേരത്തെ സലഫി പ്രചാരകനായ ഷംസുദ്ദീന്‍ പാലത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പക കൂടി തീര്‍ക്കുന്നതിന് വേണ്ടിയാണ് ഷുക്കൂറിനെ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തി നടപടി സ്വീകരിച്ചതെന്നാണ് ഷുക്കൂറിനെ അനുകൂലിക്കുന്ന മുസ്ലിം ലീഗിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. മതമൗലിക വാദികള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ മത ഭേദമന്യേ പ്രതികരിക്കുന്ന ഷുക്കൂറിനെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ താറടിച്ചു കാണിക്കാനും പാര്‍ട്ടി വിരുദ്ധനാണെന്ന് മുദ്രകുത്താനും ശ്രമിക്കുന്നത് അങ്ങേയറ്റം ലജ്ജാവഹമാണെന്ന് മതേതര ചിന്താഗതിയുള്ള മുസ്ലിം ലീഗിലെ ഒരു വിഭാഗം പറയുന്നു. സോഷ്യല്‍ മീഡയയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സി ഷുക്കൂര്‍ ഇതിനു മുമ്പ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയ്‌ക്കെതിരെയും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് പരാതി നല്‍കുകയും കേസെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ഷുക്കൂറിനെതിരെ പക്ഷാപാതപരമായി നടപടി സ്വീകരിച്ചത് പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്.
അതേസമയം ഷുക്കൂറിന്റെ ഒഴിവിലേക്ക് ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ടായി അഡ്വ. എം ടി പി കരീമിനെ തെരഞ്ഞെടുത്തു. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായ കരീം മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയാണ്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നിഷ്ഠൂരമായി അരും കൊലകള്‍ നടത്തിയതിനു പിന്നിലെ ബുദ്ധികേന്ദ്രമായി ആരോപിക്കപ്പെടുന്ന പി ജയരാജനെ സംഘ് പരിവാര്‍ ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി കാണുന്നത് കോഴിയുടെ സംരക്ഷണത്തിന് കുറുക്കനെ കാണുന്നതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി.
പി ജയരാജന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം വെറും തട്ടിപ്പാണ്. കണ്ണൂര്‍ പാട്യത്തെ തന്റെ വീടിന് വിളിപ്പാടകലെയുള്ള പാര്‍ട്ടി ഗ്രാമമായ അടിയാറാപ്പാറയിലെ പള്ളിയില്‍ ഒരു വര്‍ഷം മുമ്ബ് നിസ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കുകയും ഇതിനെതിരെ പ്രതിഷേധിച്ച നാല്‍പതോളം പേരെ കള്ളക്കേസില്‍പ്പെടുത്തി രണ്ടാഴ്ചയോളം ജയിലടച്ചപ്പോള്‍ ന്യൂനപക്ഷ രക്ഷകവേഷം കെട്ടുന്ന പി ജയരാജന്‍ എവിടെയായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും യോഗം ഓര്‍മിപ്പിച്ചു.
മെമ്ബര്‍ഷിപ്പടിസ്ഥാനത്തിലുള്ള ലോയേഴ്‌സ് ഫോറം ജില്ലാ കൗണ്‍സില്‍ യോഗം അടുത്ത മാസാവസാനം ചേരും. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. സി എന്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍.എ ഖാലിദ്, അഡ്വ. സക്കീര്‍ അഹമ്മദ്,അഡ്വ. എം ടി പി കരീം, അഡ്വ. കെ കെ മുഹമ്മദ് ഷാഫി, അഡ്വ വി എം മുനീര്‍, അഡ്വ ബി ഷംസുദ്ദീന്‍, അഡ്വ ആഇശ തസ്‌നീമ, അഡ്വ. സമീറ ഫൈസല്‍, അഡ്വ. സി എന്‍ ആഇശ സഫീറ, അഡ്വ. ഷമ്മ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി എ ഫൈസല്‍ സ്വാഗതം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഷുക്കൂറിനെ നീക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രവര്‍ത്തക സമിതിയില്‍ നിന്നും ഒഴിവാക്കുകയുമാണ് ചെയ്തിരിക്കുന്നത്.