ന്യൂഡൽഹി:ഇന്ത്യയുടെ രഹസ്യങ്ങൾ ചോർന്നതായി ഞെട്ടിക്കുന്ന വിവരം . പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു വിവരങ്ങള്‍ ചോർത്തി നൽകിയ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിലായി . അൻപത്തിയൊന്നുകാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ അരുൺ മർവാഹയെ ഡൽഹിയിൽനിന്നാണ് അറസ്റ്റു ചെയ്തത്. സ്ത്രീയെന്നു നടിച്ചു സമൂഹമാധ്യത്തിലൂടെ അടുപ്പം കാട്ടിയ രണ്ടു പാക്ക് ഏജന്റുമാർക്ക് അരുൺ വിവരങ്ങൾ കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.വ്യോമസേനയുടെ ഡൽഹിയിലുള്ള ആസ്ഥാനത്തു ജോലി ചെയ്തിരുന്ന അരുൺ മർവാഹയ്ക്കെതിരെ ഒഫിഷ്യൽ സീക്രട്ട്സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം) പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഏഴുവർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണിത്.
ഇന്ത്യയുടെ രഹസ്യം ചോർത്താൻ പാക് ഐഎസ്ഐ സുന്ദരികളുടെ ഹണി ട്രാപ്, ചെലവിടുന്നത് കോടികൾ.മാസങ്ങൾക്കു മുൻപാണ് ഐഎസ്ഐ ഏജന്റുമാരുടെ പെൺകെണിയിൽ അരുൺ കുടുങ്ങിയത്. ഫെയ്സ്ബുക്കിൽ പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രം നൽകിയ അക്കൗണ്ടിലൂടെയാണ് അവർ വിവരങ്ങൾ ചോർത്തിയത്. ചാറ്റിങ്ങിലൂടെയും വാട്ട്സാപ്പിലൂടെയും അരുണിന്റെ വിശ്വാസം നേടിയെടുത്തതിനുശേഷമായിരുന്നു ഇത്. വ്യോമസേനയുടെ ഔദ്യോഗിക രഹസ്യങ്ങൾ ദിവസേന ചോദിക്കുമ്പോൾ അവ കൈമാറുകയുമായിരുന്നു അരുൺ. ഇന്ത്യയുടെ സൈബർ, സ്പെയ്സ്, സ്പെഷൽ ഓപ്പറേഷൻസ് വിഭാഗത്തിന്റെ രഹസ്യങ്ങളാണ് ഇത്തരത്തിൽ ചോർത്തിയതെന്നാണു വിവരം.ആഴ്ചകൾക്കു മുൻപ് വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥനാണു വിവരം കണ്ടെത്തിയത്. തുടർന്ന് അരുണിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.


