കൊച്ചി : ബയോവെപ്പൺ പരാമർശത്തിൽ സംവിധായികയും, ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ എത്തിയാണ് ഐഷയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നത്. കേസിൽ ഐഷയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
അതേസമയം ചോദ്യം ചെയ്യുന്ന വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് ഐഷ പ്രതികരിച്ചത്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾ നടക്കുന്ന ലക്ഷദ്വീപിൽ ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനമുണ്ടായിരുന്നില്ല. കൊവിഡ് ദ്വീപിൽ കേന്ദ്ര സർക്കാരിന്റെ ബയോ വെപ്പണാണെന്ന് ഐഷ ചാനൽ ചർച്ചയ്‌ക്കിടെ ആരോപിച്ചതാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാൻ കാരണം. സംഭവത്തിൽ അന്വേഷണം നടക്കുന്നതേയുളളു എന്നതിനാൽ ഹൈക്കോടതി ഐഷയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ കഴിയില്ല എന്നറിയിച്ചിരുന്നു. അന്വേഷണം സ്‌റ്റേ ചെയ്യുന്നതിനും കോടതി വിസമ്മതിച്ചിരുന്നു.
രാജ്യവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. ആദ്യ തവണ കേന്ദ്രസർക്കാരിനെതിരായ പരാമർശം നടത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും പോലീസ് ചോദ്യം ചെയ്തത്. രണ്ടാം തവണ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് പോലീസ് ഐഷയോട് ചോദ്യം ചെയ്തത്.
രണ്ടാം വട്ട ചോദ്യം ചെയ്യലിന് ശേഷം ഐഷയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ് ഐഷയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ലക്ഷദ്വീപിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യൽ.