മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ വമ്പന്‍ രാഷ്ട്രീയ നീക്കത്തിന്റെ ഞെട്ടലിലാണ് ദേശീയ രാഷ്ട്രീയം. അതേസമയം പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ എൻസിപി. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാർ കത്ത് നൽകി.
2024 ലെ പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശരദ് പവാറിന്റെ പാര്‍ട്ടിയിലും കുടുംബത്തിലും വിള്ളലുണ്ടാക്കുന്ന സാഹചര്യമാണ് അജിത് പവാറിന്റെ വിമതനീക്കത്തിലൂടെ സംജാതമായിരിക്കുന്നത്. ഭരണപക്ഷത്തെ സംബന്ധിച്ച് ഏറ്റവും ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെങ്കിലും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
കാരണം മഹാരാഷ്ട്രയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബി ജെ പി ഇനി ശിവസേനയെ ആശ്രയിക്കുന്നത് കുറയും. അജിത് പവാര്‍ അടക്കം ഒമ്പത് എന്‍ സി പി എം എല്‍ എമാര്‍ ഇതിനോടകം മന്ത്രിസഭയില്‍ ചേര്‍ന്ന് കഴിഞ്ഞു. നിലവില്‍ എന്‍ സി പിയുടെ 53 എം എല്‍ എമാരില്‍ 43 പേരുടേയും പിന്തുണ തനിക്കുണ്ട് എന്നാണ് അജിത് പവാര്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ ഭരണകക്ഷിയിലെ രണ്ടാമത്തെ വലിയ കക്ഷിയായി അജിത് പവാര്‍ ക്യാംപ് മാറും. മന്ത്രിസഭയിലെ ഒഴിവുള്ള വകുപ്പുകളില്‍ സിംഹഭാഗവും എന്‍ സി പി വിമതര്‍ കൈയടക്കും എന്ന് ഉറപ്പാണ്. 43 അംഗ മന്ത്രിസഭയാണ് മഹാരാഷ്ട്രയിലേത്. ഇതില്‍ എന്‍ സി പി പിളരുന്നത് വരെ 23 സീറ്റ് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഒമ്പത് എന്‍ സി പി വിമതരെ മന്ത്രിമാരാക്കിയതോടെ ഇനി 14 സീറ്റ് മാത്രമാണ് ഒഴിഞ്ഞ് കിടക്കുന്നത്.
നേരത്തെ 11 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താം എന്ന പ്രതീക്ഷയിലായിരുന്നു ഷിന്‍ഡെ ക്യാംപ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരമാവധി ആറ് പേരെ മാത്രമെ ഷിന്‍ഡെ ക്യാംപിന് ഉള്‍പ്പെടുത്താന്‍ സാധിക്കൂ. മാത്രമല്ല ഇതുവരെ ഷിന്‍ഡെയും കൂട്ടരും എന്‍ ഡി എയില്‍ തുടരുക എന്നത് ബി ജെ പിക്ക് അത്യാവശ്യമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇനി ഷിന്‍ഡെയ്ക്ക് നിലനില്‍പ്പിന് എന്‍ ഡി എയില്‍ തുടരുക എന്നതാണ് അത്യാവശ്യമായി വന്നിരിക്കുന്നത്.
അതായത് ശിവസേന മുന്നണി വിട്ടാലും ബി ജെ പിക്ക് ഭരണത്തില്‍ തുടരാന്‍ എന്‍ സി പി വിമതരുടെ പിന്തുണ മതിയെന്ന് സാരം. അജിത് പവാര്‍ ശക്തനായ ഭരണാധികാരിയായും കൗശലക്കാരനായ രാഷ്ട്രീയക്കാരനായുമാണ് അറിയപ്പെടുന്നത്. കൂടാതെ ഭരണത്തില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ളവനുമാണ്. അതിനാല്‍ തന്നെ സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ സ്വാധീനം പതിയെ നഷ്ടപ്പെടും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
അതോടൊപ്പം എന്‍ സി പിയുമായുള്ള ഭരണസഖ്യത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടും. ബി ജെ പിക്കെതിരെ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചതോടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പ്രത്യയശാസ്ത്രങ്ങള്‍ ഹനിക്കപ്പെട്ടു എന്ന വാദമുയര്‍ത്തിയാണ് ഏക്‌നാഥ് ഷിന്‍ഡെയും കൂട്ടരും പാര്‍ട്ടി വിട്ടത്. എന്നാല്‍ എന്‍ സി പിയുടെ ഭൂരിഭാഗം എം എല്‍ എമാര്‍ക്കുമൊപ്പം വീണ്ടും ഭരണസഖ്യത്തില്‍ എത്തുന്നതിനെ ഷിന്‍ഡെ എങ്ങനെ ന്യായീകരിക്കും എന്ന ചോദ്യം സ്വാഭാവികമായും ഉയരും.