ശിവസേനയും പിന്തുണച്ചു;ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസായി.മുസ്ലിം ഇതര മതസ്‌ഥര്‍ക്ക്‌ ഇന്ത്യയില്‍ പൗരത്വം എളുപ്പമായി.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ ശക്‌തമായ എതിര്‍പ്പിനിടെ ലോക്‌സഭയില്‍ പാസായി. എണ്‍പതിനെതിരേ 311 വോട്ടുകള്‍ക്കാണ്‌ ബില്‍ ലോക്‌സഭയിലെ എതിര്‍പ്പിനെ അതിജീവിച്ചത്‌. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അര്‍ധരാത്രിയോടെയായിരുന്നു വോട്ടിങ്‌. ബില്ലിൻമേലുള്ള ചർച്ചയ്ക്കു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി, അസദുദ്ദീന്‍ ഒവൈസി, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, കെ. സുധാകരൻ, ഹൈബി ഈടൻ, എ.എം. ആരിഫ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ ലോക്സഭ ശബ്ദവോട്ടോടെ തള്ളി. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.

നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ മുസ്ലിം ലീഗ്‌ അറിയിച്ചു. ബില്‍ മുസ്ലിംകള്‍ക്ക്‌ എതിരല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ മാത്രമാണു ലക്ഷ്യമിടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി. മതപീഡനത്തേത്തുടര്‍ന്ന്‌ ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്‌ഥാന്‍, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍നിന്നു 2014 ഡിസംബര്‍ 31 നു മുമ്പ്‌ ഇന്ത്യയിലെത്തിയ മുസ്ലിം ഇതര മതസ്‌ഥര്‍ക്ക്‌ ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നത്‌ എളുപ്പമാക്കുന്നതാണു നിയമഭേദഗതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ രാജ്യങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദു, സിഖ്‌, ബുദ്ധ, െജെന, പാഴ്‌സി, ക്രിസ്‌ത്യന്‍ മതക്കാര്‍ക്കാണു ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുക. ഇതു കടുത്ത മുസ്ലിം വിവേചനമാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. വടക്കുകിഴക്കന്‍ മേഖലയില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങളിലും എതിര്‍പ്പ്‌ ശക്‌തമാണ്‌.
കോണ്‍ഗ്രസ്‌ മതാടിസ്‌ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതുകൊണ്ടു മാത്രമാണ്‌ ഈ ഭേദഗതി വേണ്ടിവന്നതെന്ന്‌ ഇന്നലെ രാവിലെ ബില്ലിന്‌ അവതരണാനുമതി തേടിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞു. ഇതു ഭരണഘടനയുടെ 14-ാം വകുപ്പിന്റെ (തുല്യനീതി) ലംഘനമാണെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഇവിടെ പ്രത്യേക അവകാശങ്ങള്‍ ലഭിക്കുന്നതെങ്ങനെ? വിവേചനപരമാണെന്നു തെളിയിക്കുന്നപക്ഷം ബില്‍ പിന്‍വലിക്കാന്‍ ഒരുക്കമാണ്‌. പൗരത്വത്തിനായുള്ള മുസ്ലിംകളുടെ അപേക്ഷകള്‍ തുറന്ന മനസോടെ പരിഗണിക്കുമെന്നും അമിത്‌ ഷാ പ്രഖ്യാപിച്ചു.

സഭയില്‍ 293 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. 82 പേര്‍ മാത്രമാണ്‌ എതിര്‍ത്തത്‌. കോണ്‍ഗ്രസ്‌, സി.പി.ഐ, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്‌, എന്‍.സി.പി, മുസ്ലിം ലീഗ്‌, ഡി.എം.കെ. സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയവര്‍ ബില്‍ അവതരണത്തെ എതിര്‍ത്തു. ബി.ജെ.പിക്കു പുറമേ ശിവസേന, ബിജു ജനതാദള്‍, അണ്ണാ ഡി.എം.കെ, ടി.ഡി.പി. വൈ .എസ്‌.ആര്‍. കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു.

പൗരത്വത്തിനു മതം അടിസ്‌ഥാനമാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. മതാടിസ്‌ഥാനത്തില്‍ പൗരത്വം നിശ്‌ചയിക്കുന്നതു പാകിസ്‌താന്റെ ആശയമാണെന്നു ശശി തരൂര്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ്‌ ഇതെന്ന്‌ ഇ.ടി. മുഹമ്മദ്‌ ബഷീറും ഒരു സമുദായത്തെ മാത്രം ഒഴിവാക്കിയതിലൂടെ സര്‍ക്കാരിന്റെ ഉദ്ദേശ്യം വ്യക്‌തമാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്തു കഴിഞ്ഞ ഫെബ്രുവരിയില്‍ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനു മുമ്പു രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെയാണു ബില്‍ വീണ്ടും ലോക്‌സഭയില്‍ കൊണ്ടുവന്നത്‌.

അതേസമയം പൗരത്വ ഭേദഗതി ബില്ല് പ്രത്യേകിച്ച് ആരെയും ലക്ഷ്യമിടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൗരനോടും വിവേചനം പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു. അനീതി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ ശക്തിയെന്നും സഹിഷ്ണുതയാണ് രാജ്യത്തിന്റെ ഗുണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചതായി 10,000 വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തിന്റെ ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. സഹിഷ്ണുതയാണ് നമ്മുടെ മേന്മ. മാറ്റങ്ങള്‍ അംഗീകരിച്ച് അതിനെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മുന്നോട്ട് പോകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. മതേതരത്വത്തെ എല്ലാവരും അംഗീകരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വേര്‍തിരിവോടെ കാണുകയോ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ല് പാസാക്കുന്നതോടെ ദുരിത ജീവിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരന്മാരാകും.

ബില്ല് മുസ്ലീങ്ങളുടെ അവകാശത്തെ കവര്‍ന്നെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ പൗരത്വത്തിന് നിയമ പ്രകാരം അവര്‍ക്ക് അപേക്ഷ നല്‍കാമെന്നും അമിത് ഷാ വ്യക്തമാക്കി. ബില്ലിനെ ആരും ഭയപ്പെടേണ്ടതില്ല. പൗരത്വത്തിന് അപേക്ഷ നല്‍കിയാല്‍ ഉടന്‍ പിടിച്ച് ജയിലടയ്ക്കുമെന്ന ധാരണ ചിലര്‍ക്കുണ്ട്. ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ആ വ്യക്തക്കെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി ബില്ല് 70 വര്‍ഷമായി ബില്ലിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ കുടിയേറ്റക്കാര്‍ക്ക് മതിയായ രേഖകളില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

Top