എ. കെ. ആന്റണി ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല; അദ്ദേഹം ഒട്ടനവധി തലമുറകളെ പ്രചോദിപ്പിച്ച ഒരു വികാരമാണ്. മൂല്യച്യുതിയുടെ കാലത്തും മൂല്യങ്ങളെ പിന്തുടര്‍ന്ന് വിജയിക്കാനാകും എന്ന് തെളിയിച്ച കര്‍മ്മയോഗിയാണ്. വിശ്വാസ്യതയും സത്യസന്ധതയുാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് കാണിച്ചു തന്ന ഉന്നത വ്യക്തിത്വത്തിന് ഉടമയാണ്. അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണിയെന്ന എ. കെ. ആന്റണി, ഞങ്ങളെപ്പോലുള്ള രാഷ്ട്രീയ ശിഷ്യന്മാര്‍ക്ക് എ. കെ. എന്ന വിളിപ്പേരിനാല്‍ സൂചിതമാകുന്ന ഒരു രാഷ്ട്രീയ ബിംബം തന്നെയാണ്. എ. കെ.യുടെ ജീവചരിത്രം കെഎസ് യുവിന്റെയും കേരളത്തിലെ യൂത്ത്കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം കൂടിയാണ്. അതിലൊരു നിഴലായി പിന്നില്‍ കടന്നുവരാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഫല്യമായി ഞാന്‍ കാണുന്നത്.
രാഷ്ട്രീയ നേതാക്കളെപ്പറ്റിയുള്ള പൊതുധാരണള്‍ക്കെല്ലാം വിരുദ്ധമാണ് എ.കെ.യുടെ വ്യക്തിത്വം. അദ്ദേഹം ഒരു തീപ്പൊരി പ്രസംഗകനല്ല; ബുദ്ധിജീവി പരിവേഷമില്ല; ഒരു സമുദായവും സ്പോൺസർ ചെയ്യുന്നില്ല; ഫണ്ട് പരിവില്‍ നിപുണനല്ല; പണച്ചാക്കുകളുടെ പിന്തുണയില്ല; കോര്‍പറേറ്റുകളുടെ വത്സലതോഴനല്ല. എന്നിട്ടും പലവട്ടം മുഖ്യമന്ത്രിയായി, കേന്ദ്രമന്ത്രിയായി, അതും പ്രതിരോധ മന്ത്രാലയത്തിന്റെ അധിപനായി. ഈ രംഗത്തെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ഇതാണ് എ. കെ.യുടെ സമാനതകളില്ലാത്ത വ്യക്തിത്വം.
എന്റെ കെ.എസ്.യു. പ്രവര്‍ത്തന കാലയളവിലാണ് ഞാന്‍ എ.കെ.യെ അടുത്തറിയുന്നത്. എറണാകുളം കെ.പി.സി.സി. ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ഞങ്ങള്‍ ഒരുമിച്ച് ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ട്. സാധാരണക്കാര്‍ കയറുന്ന ക്ലാസിലാണ് അദ്ദേഹം കയറുക. മലയാള സിനിമകളാണ് ഞങ്ങള്‍ കൂടുതലും കണ്ടത്. ശിവാജി ഗണേശന്റേതാണെങ്കില്‍ മാത്രം തമിഴ് സിനിമകളും അപൂര്‍വ്വമായി കണ്ടിരുന്നു.
36-ാം വയസ്സില്‍ മുഖ്യമന്ത്രിയായ എ.കെ. ആന്റണി, പദവി ഒഴിഞ്ഞതിനു ശേഷവും തന്റെ ജീവിതശൈലിയി മാറ്റം വരുത്തിയില്ല. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ താമസിച്ചിരുന്ന മാസ് ഹോട്ടലിലെ കുടുസ് മുറിയില്‍ എ.കെ. വീണ്ടും താമസമാരംഭിച്ചു. ബസിലും ഓട്ടോയിലും യാത്ര ചെയ്യുവാന്‍ മടിയില്ലാത്ത അദ്ദേഹത്തിനൊപ്പം അക്കാലത്ത് ഞാന്‍ ധാരാളം യാത്രകള്‍ നടത്തി.എറണാകുളത്ത് പഴയകാല കോണ്‍ഗ്രസ് നേതാക്കളായ കെ. പി. മാധവന്‍ നായര്‍, കെ. സി. എബ്രഹാം മാസ്റ്റര്‍, ടി. ഒ. ബാവാസാഹിബ്, കെ. കെ. വിശ്വനാഥന്‍ വക്കീല്‍, പോള്‍ പി. മാണി തുടങ്ങിയവരുടെ വീടുകളിലൊക്കെ പോകുമ്പോള്‍ അദ്ദേഹം എന്നെയും കൂടെ കൂട്ടും.
അമ്മയെ കാണുവാന്‍ ആഴ്ചയിലൊരിക്കല്‍ അദ്ദേഹം ചേര്‍ത്തലയ്ക്ക് പോകുക പതിവായിരുന്നു. അമ്മയായിരുന്നു അദ്ദേഹത്തിന് എല്ലാം. അമ്മയോട് അത്രയ്ക്ക് ഇഷ്ടമായിരുന്നു. അമ്മയുടെ ഓര്‍മ്മ ദിവസം എവിടെയാണെങ്കിലും എ. കെ. ചേര്‍ത്തലയിലുള്ള അമ്മയുടെ കുഴിമാടത്തില്‍ എത്തിയിരിക്കും. അക്കാലത്ത് കെ. പി. സി. സി. ഓഫീസിലെ നാരായണ്‍ജിയെ കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ബസില്‍ അദ്ദേഹം ചേര്‍ത്തലയ്ക്ക് സീറ്റ് റിസര്‍വ്വ് ചെയ്യുക. സീറ്റ് റിസര്‍വ്വ് ചെയ്യണമെന്നത് എ. കെ.യ്ക്ക് നിര്‍ബന്ധമായിരുന്നു. എന്തിനാണ് ഇതിലിത്ര വാശിയെന്ന് ഒരിയ്ക്കല്‍ ഞാന്‍ ചോദിച്ചു.ഞാന്‍ നിന്ന് യാത്ര ചെയ്താല്‍ ഇരിക്കുന്നവര്‍ എഴുന്നേറ്റ് എനിക്ക് സീറ്റ് തരും. അതവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. അത് ഒഴിവാക്കുന്നതിനാണ് ഈ റിസര്‍വ്വേഷന്‍. 1982-ല്‍ പാര്‍ട്ടി ലയനം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് താന്‍ ഉപയോഗിച്ചിരുന്ന കെ.പി.സി.സി.യുടെ കാര്‍ തിരിച്ചേല്പിക്കുകയായിരുന്നു. പിന്നീടദ്ദേഹത്തിന്റെ യാത്രകള്‍ ബസിലും ഓട്ടോറിക്ഷയിലുമായിരുന്നു. പുസ്തകങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എ. കെ. ആന്റണി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയ്ക്ക് പോകുമ്പോള്‍ പുസ്തകങ്ങള്‍ സുക്ഷിക്കുന്ന കാര്യം മാത്രമാണ് അദ്ദേഹം പ്രത്യേകം പറഞ്ഞത്.
എ. കെ.യുടെ വിവാഹം കഴിഞ്ഞ് ഉടന്‍ ഡല്‍ഹിയലേക്ക് പോയ അദ്ദേഹം ഒരു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തൊടുപുഴയ്ക്കടുത്ത് നെയ്യ് ശ്ശേരിയിലാണ് എല്‍സിയുടെ വീട്. ആദ്യമായി ഭാര്യവീട്ടിലേയ്ക്ക് പോയപ്പോള്‍ അദ്ദേഹം എന്നെയും കൂടെ കൂട്ടി. മുതലക്കോടം പള്ളിയുടെ മുമ്പിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തണമെന്ന് എല്‍സി ആവശ്യപ്പെട്ടു. കുറെ നാണയങ്ങളെടുത്ത് എല്‍സി എ. കെ.യുടെ നേര്‍ക്ക് നീട്ടി. ഇതെല്ലാം നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ എന്ന് പറഞ്ഞ് നാണയങ്ങള്‍ മേടിക്കാതിരുന്ന എ. കെ.
എല്‍സിയോട് പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചുകൊള്ളാന്‍ പറഞ്ഞു. ഞങ്ങള്‍ കാറിലിരുന്നു. നെയ്യ ്ശ്ശേരിയില്‍ നിന്നും നേരെ പോയത് അങ്കമാലിയിലുള്ള സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസാമ്മയുടെ അടുത്തേയ്ക്കാണ്. അവിടെ ചെന്നപ്പോള്‍ പള്ളിയില്‍ വച്ച് വിവാഹം നടത്തണമെന്ന് ഇന്‍ഫന്റ് ട്രീസാമ്മ എ.കെ.യോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എ.കെ.യെ നിര്‍ബന്ധിക്കുവാന്‍ എന്നോടും പറഞ്ഞു. ഇതൊക്കെ കേട്ട എ.കെ. പൊട്ടിച്ചിരിക്കുക മാത്രം ചെയ്തു. അവിടെ നിന്നും പറവൂരുള്ള സഹോദരിയുടെ വീട്ടിലേയ്ക്കാണ് പോയത്. അവിടെ ചെല്ലുവാന്‍ എ. കെ.യ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു കാരണം അവരെ വിവാഹം അറിയിച്ചിരുന്നില്ല. പിറ്റെ ദിവസത്തെ പത്രങ്ങളിലൂടെയും വിവാഹത്തില്‍ പങ്കെടുത്ത പറവൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ. പി. ധനപാലന്‍, കെ. ശിവശങ്കരന്‍ എന്നിവരിലൂടെയുമാണ് സഹോദരന്റെ വിവാഹ വിവരം അവര്‍ അറിയുന്നത്.
എറണാകുളത്ത് സന്തോഷ് ട്രോഫി പോലുളള ഫുട്&സ്വ്ഞ്;ബോള്‍ മത്സരങ്ങള്‍ കാണാന്‍ എ.കെ.യോടൊപ്പം പലതവണ ഞാന്‍ പോയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകളില്‍ എപ്പോഴും സാധാരണ ഹോട്ടലുകളില്‍ കയറുന്നതിനാണ് എ.കെ. ഇഷ്ടപ്പെട്ടിരുന്നത്. ലളിതമായ ഭക്ഷണ രീതികള്‍ അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും സഹോദരന്‍ ജോസിനെ എ. കെ. വിലക്കിയിരുന്നു. പിന്നീട് മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡിലാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
ഞാന്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എ. കെ. ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 1968ല്‍ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. 1970 ല്‍ മുപ്പതാം വയസ്സില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി. 1973-ല്‍ കെ.പി.സി.സി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി. പ്രസിഡന്റ് എന്ന സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. 1984 നവംബര്‍ 12-ന് അദ്ദേഹം എ.ഐ.സി.സി. വര്‍ക്കിംഗ് കമ്മിറ്റി അംഗമായി അവരോധിക്കപ്പെട്ടു. 1987-ല്‍ അദ്ദേഹം വീണ്ടും കെ.പി.സി.സി. പ്രസിഡന്റായി. 1992-ല്‍ കെ.പി.സി.സി. പ്രസിഡന്റായി വയലാര്‍ രവിയോട് മത്സരിച്ച് 18 വോട്ടിന് തോറ്റു. അതേ വര്‍ഷം കോണ്‍ഗ്രസിന്റെ തിരുപ്പതി സമ്മേളനത്തില്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതിയിലേയ്ക്ക് മത്സരിച്ച് ജയിച്ചു.
ആദ്യമായി എ. കെ. ആന്റണി തെരഞ്ഞെടുക്കപ്പെട്ട പദവി മഹാരാജാസ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുടേതാണ്. അവിടെ നിന്ന് കെ. എസ്. യു. സംസ്ഥാന ട്രഷറര്‍, പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, പ്രവര്‍ത്തക സമിതി അംഗം എന്നിങ്ങനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എ. ഐ. സി. സി. പ്രസിഡന്റ് പദം ഒഴികെയുളള എല്ലാ പദവികളും അദ്ദേഹം വഹിച്ചു. ഇപ്പോള്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയാധികാരത്തിലും എ. കെ. ആന്റണിയെന്ന രാഷ്ട്രീയക്കാരന്‍ വേറിട്ട വ്യക്തിത്വമാണ്. സംസ്ഥാന മന്ത്രിപദം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം മൂന്ന് വട്ടം മുഖ്യമന്ത്രിയും രണ്ടു തവണ കേന്ദ്രമന്ത്രിയും ആറ് പ്രാവശ്യം എം.എല്‍.എ.യും മൂന്ന് വട്ടം രാജ്യസഭാംഗവുമായി. ജനങ്ങള്‍ക്ക് എന്നു എ. കെ. ആന്റണിയെ വിശ്വാസമാണ്. എ. കെ. ആന്റണി എന്നും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമാണ്.
ജന്മം കൊണ്ട് ക്രിസ്ത്യാനിയാണെങ്കിലും അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി എന്നും മതേതരവാദിയായിരുന്നു. മാറാട് കലാപം അവിടെ മാത്രം ഒതുങ്ങുകയും മറ്റ് സ്ഥലങ്ങളിലേയ്ക്ക് കത്തിപ്പടരാതിരിക്കുകയും ചെയ്തതിന്റെ പ്രധാന കാരണക്കാരന്‍ ആന്റണിയുടെ മതേതര കാഴ്ചപ്പാടും ഭരണ നിപുണതയുമാണെന്ന് പറയാതെ വയ്യ.
എ. കെ. ആന്റണിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ജന്മദിനം ഒരേ ദിവസമായത് യാദൃശ്ചികമാണെങ്കിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എ. കെ. ആന്റണി എന്ന പ്രവര്‍ത്തകന്‍ എന്നും ഒരു മുതല്‍ കൂട്ടാണ്. എഴുപത്തഞ്ചാം ജന്മദിനമാഘോഷിക്കുന്ന എ. കെ.യ്ക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.