
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ സംഭവ വികാസങ്ങളില്‍ ദുഃഖമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. നേതാക്കള്‍ വാക്ക്പോര് നിര്‍ത്തണം. നേതാക്കളുടെ ഏറ്റുമുട്ടല്‍ തന്നെ വേദനിപ്പിച്ചെന്നും ആന്‍റണി പറഞ്ഞു.താന്‍ ഡല്‍ഹിയിലാണെങ്കിലും മനസ് കേരളത്തിലാണ്. സംസ്ഥാനത്തെ ഒാരോ ചലനങ്ങളും ദിവസവും ശ്രദ്ധിക്കാറുണ്ട്. സന്തോഷകരമായതും ദുഃഖകരമായതുമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ജീവിതം ഇവ രണ്ടും ചേര്‍ന്നതാണെന്നും ആന്‍റണി പറഞ്ഞു.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് വൈകീട്ട് മൂന്നരക്ക് മാധ്യമങ്ങളെ കാണും. വാക്പോര് അവസാനിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് കേരളത്തിലെ പാര്‍ട്ടിയുടെ ജനസ്വാധീനം. ഇത് നിലനിര്‍ത്താനുള്ള നടപടികളാവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിക്കുക. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പ്രതാപം നഷ്ടപ്പെടുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കും. ഇതിന് തടസം വരുന്ന ഒരു നടപടിയും ഹൈക്കമാന്‍ഡ് അനുവദിക്കില്ല.