തിരുവനന്തപുരം:ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിയുടെ മന്ത്രിസ്ഥാനം തെറിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവതിയെ ഉപയോഗിച്ച് എ.കെ. ശശീന്ദ്രനെ കുടുക്കിയതാണെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നും രഹസ്യാന്വേഷണവിഭാഗം സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച തെളിവുകള്‍ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ച് ശശീന്ദ്രനെ കുടുക്കാന്‍ മാസങ്ങളായി യുവതിയെ ചാനല്‍ നിയോഗിച്ചിരിക്കുകയായിരുന്നു.
ഈ യുവതി നിരന്തരം മന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തു വന്നു.കൗമുദിയാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്
യുവതിയുടെ പൂര്‍ണവിവരങ്ങളും ചിത്രങ്ങളും ആഭ്യന്തരവകുപ്പിന്റെ കൈവശമുണ്ട്. വിവാദമായതോടെ യുവതിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതായും ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഫോണിലേക്ക് വിളി വന്ന നമ്പര്‍ പിടിച്ചെടുത്ത് ഇന്റലിജന്‍സാണ് വിളിച്ചയാളെ കണ്ടെത്തിയത്. കൂടുതല്‍ തവണയും മന്ത്രിയുടെ ഫോണിലേക്ക് അങ്ങോട്ടുള്ള വിളികളായിരുന്നു.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയെക്കുറിച്ച് ഗതാഗതമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ വാര്‍ത്താസംഘത്തില്‍ യുവതിയെ ഉള്‍പ്പെടുത്തുകയും അതുവഴി മന്ത്രിയുമായി അടുപ്പമുണ്ടാക്കുകയുമായിരുന്നു. സംഭാഷണം തു&സ്വ്ഞ്;ടര്‍ച്ചയായി റെക്കാഡ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിലെത്തിയപ്പോഴത്തെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത്. പരാതി നല്‍കാനെത്തിയപ്പോള്‍ ഫോണ്‍നമ്പര്‍ കൈക്കലാക്കി ലൈംഗിക ചുവയോടെ വിളിക്കുകയായിരുന്നുവെന്ന വാദം ഇന്റലിജന്‍സ് തള്ളിക്കളയുന്നു.
മറ്റൊരു ചാനലില്‍ അപ്രധാന ചുമതലയിലുണ്ടായിരുന്ന യുവതിയെ ഈ ദൗത്യം മുന്നില്‍കണ്ട് ചാനല്‍ റിക്രൂട്ട് ചെയ്യുകയായിരുന്നു. ശശീന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്പര്‍ സര്‍ക്കാരിന്റെ പേരിലുള്ള ബി.എസ്.എന്‍.എല്‍ കണക്&സ്വ്ഞ്;ഷനാണ്. ഇതിലേക്കുള്ള വിളികളുടെ പൂര്‍ണവിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ മറ്റ് രണ്ട് മന്ത്രിമാരും ഒരു സി.പി.എം എം.എല്‍.എയും ഫോണ്‍ കെണിയില്‍ കുടുങ്ങിയതായും വിവരമുണ്ട്.
ഫോണ്‍വിളി വിവാദത്തില്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ അടക്കമുള്ളവ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. വിരമിച്ച ജഡ്ജിയെ കണ്ടെത്തും. പക്ഷേ ഓഫീസും ഉദ്യോഗസ്ഥരെയും സജ്ജീകരിച്ച് അന്വേഷണം തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് ആറുമാസമെടുക്കും.
പരാതി കിട്ടിയാല്‍ അന്വേഷിക്കും .ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിച്ച ഓപ്പറേഷനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. യുവതിയുടെ പരാതി വേണമെന്നില്ല. ആരുടെയെങ്കിലും പരാതി ഇതുവരെ പൊലീസിലോ സര്‍ക്കാരിലോ കിട്ടിയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി.