കാബൂൾ: അൽ ഖ്വായ്ദ, ഐഎസ് ഭീകരരുടെ കടുത്ത ഭീഷണിയുള്ളതിനാൽ ഔദ്യോഗിക അറിപ്പ് കിട്ടാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമ്മനിയും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്തിലെ കാബൂൾ വിമാനത്താവളം വഴിയുള്ള രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമാവുകയാണ് .വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും പതിനായിരക്കണത്തിന് ജനങ്ങൾ പലായനത്തിനായി കാത്തിരിക്കുന്നുണ്ട്. വിമാനത്താവളത്തിലെ ഈ തിക്കും തിരക്കും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പതിനേഴായിരത്തോളം ജനങ്ങളെയാണ് ഇതുവരെ പുറത്തെത്തിച്ചത്.
താലിബാൻ ഭീകരരർ യുഎസ് സൈനികരുടെ യൂണിഫോണും ആയുധങ്ങളും ധരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അഫ്ഗാൻ സേനയിൽ നിന്നും താലിബാൻ പിടിച്ചെടുത്ത സൈനിക ഉപകരണങ്ങളാണിവ. കാബൂളിനെ പ്രതിരോധിക്കാൻ താലിബാൻ ഒരു പ്രത്യേക യൂണിറ്റ് ‘ബദ്രി 313 ബ്രിഗേഡിന്റെ’ സൈനികരെ വിന്യസിച്ചതായി പറയപ്പെടുന്നു.
താലിബാൻ പോരാളികൾ സാധാരണയായി പരമ്പരാഗത വസ്ത്രങ്ങളിലും എകെ 47 റൈഫിളുകളിലുമാണ് കാണപ്പെടുന്നത്. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി എം 4, എം16 റൈഫിളുകൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, നൈറ്റ് വിഷൻ കണ്ണടകൾ എന്നിവ ധരിച്ച ഭീകരരെയാണ് കാണുന്നത്. അതിനാൽ ജനങ്ങൾ അറിയിപ്പ് കിട്ടാതെ യാത്ര ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും രാജ്യങ്ങൾ നിർദ്ദേശം നൽകുന്നു.