കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്ന് റോജോ.ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

വടകര : കൂടത്തായി കൊലപാതക കേസിലെ പരാതിക്കാരന്‍ റോജോയുടെയും സഹോദരി റെഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. കൈയിലുള്ള രേഖകളെല്ലാം പൊലീസിന് കൈമാറിയെന്ന് രണ്ടാം ദിവസവും മൊഴി നല്‍കിയശേഷം റോജോ പറഞ്ഞു.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്, കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്നും റോജോ വ്യക്തമാക്കി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരനാണ് റോജോ .

കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. ജോളിയെ കൂടാതെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മാത്യു, പ്രജികുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് രണ്ട് ദിവസത്തേക്ക് നീട്ടിയിരിക്കുന്നത്.അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ വിട്ടു നല്‍കേണ്ട ആവശ്യമുള്ളതിനാലാണ് കാലാവധി നീട്ടി നല്‍കിയത്. മൂന്ന് ദിവസത്തേക്കായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും കോടതി രണ്ട് ദിവസമാണ് അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാനും താമരശ്ശേരി കോടതി തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേസില്‍ പ്രതികളുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. ജോളി, കൂട്ടു പ്രതികളായ പ്രജികുമാര്‍, എം.എസ്. മാത്യു എന്നിവരുടെ കസ്റ്റഡിയാണ് നീട്ടി നല്‍കിയത്. താമരശേരി കോടതിയാണ് വെള്ളിയാഴ്ച വൈകുന്നേരം നാലുവരെ പ്രതികളുടെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. അന്വേഷണം കോയമ്പത്തൂരിലേക്ക് നീട്ടണമെന്നും പ്രതികളെ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യുഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്.

ജോളിയുടെ ജാമ്യാപേക്ഷ ഇന്നാണ് സമര്‍പ്പിച്ചത്. മറ്റ് രണ്ട് പ്രതികളുടേയും ജാമ്യാപേക്ഷ നേരത്തെ നല്‍കിയിരുന്നു. ഇതിനിടെ പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാന്‍ കോടതി 10 മിനിറ്റ് സമയം അനുവദിച്ചു. പ്രജികുമാറിന്റെ ഭാര്യ നല്‍കിയഅപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്.

പ്രജികുമാര്‍ കോയമ്പത്തൂരില്‍ നിന്നാണ് സയനൈഡ് കൊണ്ടുവന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്പത്തൂരെത്തിച്ച് തെളിവെടുപ്പ് നടത്തണം.അതിനായി മൂന്ന് ദിവസംകൂടി കസ്റ്റഡി നീട്ടി നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ മൂന്ന് പ്രതികളുടേയും അഭിഭാഷകര്‍ ശക്തമായി രംഗത്തെത്തി. തുടര്‍ന്ന് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡി നീട്ടി നല്‍കുകയായിരുന്നു.

ജോളി തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു സഹോദരന്‍ റോജോ തോമസ്. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്.

രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതില്‍ ആരോപണമുന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആഭരണങ്ങള്‍ കാണാതായതില്‍ ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണെന്ന്‌സിലിയുടെ ബന്ധു സേവ്യര്‍ പറയുന്നു.വിവാഹ സമയത്ത് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ 40 പവനോളം സ്വര്‍ണവും ഇത് കൂടാതെ രണ്ട് മക്കള്‍ക്കായി നല്‍കിയ സ്വര്‍ണവും സിലിയുടെ കൈവശമുണ്ടായിരുന്നു. ഇവയാണ് കാണാതായത്. ഇവയെല്ലാം സിലി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വര്‍ണമായിരുന്നുവെന്നും സേവ്യര്‍ പറയുന്നു. സിലി സ്വര്‍ണം വിറ്റിട്ടില്ലെന്നും സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സേവ്യര്‍ പറയുന്നു.

മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തില്‍ ഉണ്ടായ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും സിലി ആഭരണങ്ങള്‍ ധരിച്ചിരുന്നു. സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും ആഭരണങ്ങളെല്ലാം സിലി ഭണ്ഡാരത്തില്‍ ഇട്ടുവെന്നുമാണ് പറഞ്ഞത്. സിലി തന്നെ അറിയിക്കാതെ അങ്ങനെ ചെയ്യില്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ സിലി സ്വര്‍ണം ഭണ്ഡാരത്തില്‍ ഇട്ടതായി ഷാജു തറപ്പിച്ചു പറഞ്ഞു.

സിലിയുടെ അനുജത്തിയുടെ ഒരു പവന്റെ വള സിലിയുടെ കൈവശമുണ്ടായിരുന്നു. ഈ വള സിലി ഒരു കാരണവശാലും ഭണ്ഡാരത്തില്‍ ഇടില്ലെന്ന് അമ്മ ഷാജുവിനോട് പറഞ്ഞു. ഇത് പ്രശ്നമായതിനെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് ശേഷം ഷാജുവും ജോളിയും ഒരു പവന്റെ പുതിയ വള വാങ്ങി സിലിയുടെ സഹോദരനെ ഏല്‍പ്പിച്ചു.

വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണം ജോളിയാണ് സിലിയുടെ സഹോദരനെ ഏല്‍പ്പിക്കുന്നത്. സഹോദരന്‍ ഈ സ്വര്‍ണം സിലിയുടെ അലമാരയില്‍ വെച്ചുപൂട്ടാന്‍ ഷാജുവിനെ ഏല്‍പ്പിച്ചു. ഷാജു സ്വര്‍ണം അലമാരയില്‍ വെച്ച് പൂട്ടുകയും ചെയ്തു. മരിച്ചതിന് ശേഷം അലമാരയില്‍ വെച്ച സ്വര്‍ണം എങ്ങനെയാണ് സിലി വിറ്റുവെന്ന് പറയുന്നതെന്നും ഈ കാര്യം ഷാജുവിനോട് ചോദിച്ചപ്പോള്‍ വിറ്റുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തതെന്നും സേവ്യര്‍ പറഞ്ഞു. ഈ സംശയങ്ങളെല്ലാം അന്വേഷണ സംഘത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top