സിനിമാ ഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ കുടുക്കാൻ പൾസർ സുനി കോടതിയിൽ രഹസ്യമൊഴി നൽകും. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് രഹസ്യമൊഴിയായി മജിസ്‌ട്രേറ്റിനു മുന്നിൽ നൽകാൻ പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.ബി.എ ആളൂർ നിർദേശം നൽകിയിരിക്കുന്നത്.
രണ്ടു മാസം മുൻപു നടന്ന കേസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കിയ ശേഷം രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തും, ഭീഷണി ഫോൺ സന്ദേശവും പുറത്തു വന്നത്. ഇതേ തുടർന്നാണ് വിഷയം വീണ്ടും മാധ്യമങ്ങൾ ചർച്ചയ്ക്ക് എടുത്തതും. ഇതിനിടെയാണ് അഡ്വ.ബി.എ ആളൂർ കേസ് ഏറ്റെടുത്തതും ഗൂഡാലോചനാ വിവാദം തിരിച്ചു വിട്ടതും.
സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട സുനിൽകുമാർ എന്ന സുനി മാപ്പ് സാക്ഷിയായി ഗൂഡാലോചന സംബന്ധിച്ചു വെളിപ്പെടുത്താമെന്നു പൊലീസിനെ അറിയിച്ചതാണെന്നതാണ് രഹസ്യമൊഴിയിൽ പ്രധാന ഭാഗം. എന്നാൽ, ഇതിനു സമ്മതിക്കാതിരുന്ന പൊലീസ് സുനിയിൽ തന്നെ അന്വേഷണം കേന്ദ്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ സുനി ആളൂരിന്റെ സഹായത്തോടെ കേസ് വഴി തിരിച്ചു വിടാൻ ശ്രമിക്കുന്നത്.


