സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതി കീഴടങ്ങി…!! പ്രതി കുസാറ്റ് കോളോജ് ഹോസ്റ്റലിലെ ജീവനക്കാരി

ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച യുവതിയ ആലുവ പോലീസിന് കീഴടങ്ങി. കളമശ്ശേരി കുസാറ്റ് ‘അനന്യ’ കോളേജ്‌ ഹോസ്റ്റലിലെ താത്കാലിക മേട്രൻ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ കാവിൽദേശത്ത് താറോൽമിത്തൽ വീട്ടിൽ ആര്യ ബാലൻ (26) ആണ്‌ പോലീസിൽ കീഴടങ്ങാൻ അഭിഭാഷകനൊപ്പം എത്തിയത്.

അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.  ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് യുവതി മർദ്ദിച്ചത്. ആശുപത്രിയുടെ മുൻവശത്തായി പാർക്ക് ചെയ്ത സ്‌കൂട്ടർ മാറ്റിവച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്യവേ പെട്ടെന്ന് യുവാവിനെ മർദിക്കുകയായിരുന്നു. ആര്യ ബാലൻ യുവാവിനെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹ മാദ്ധ്യമങ്ങളിലടക്കം അക്രമദൃശ്യങ്ങൾ വൈറലായെങ്കിലും യുവതിയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. മൂന്ന് ദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് യുവതി പൊലീസിനെ കബളിപ്പിച്ചതായും അറിയുന്നു. കഴിഞ്ഞ ദിവസവും ഹാജരാകാമെന്ന് അറിയിച്ച ശേഷം കീഴടങ്ങൽ പിറ്റേ ദിവസത്തേയ്ക്ക് മാറ്റുവാൻ പ്രതിയുടെ അഭിഭാഷകൻ ശ്രമിച്ചിരുന്നു. എന്നാൽ ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതോടെയാണ് ആര്യ കീഴടങ്ങാൻ തീരുമാനിച്ചത്. അകാരണമായി മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.

കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്കായുള്ള അനന്യ ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ വകുപ്പുതല നടപടി വരും. മൂന്ന് വർഷത്തെ കരാർ ജീവനക്കാരിയാണ് ആര്യ. വരുന്ന മാർച്ചിൽ കരാർ കാലാവധി അവസാനിക്കും. കേസ് സംബന്ധിച്ച റിപ്പോർട്ട് കുസാറ്റ് രജിസ്ട്രാർക്ക് കൈമാറുമെന്ന് ചീഫ് വാർഡൻ പറഞ്ഞു.

Top