പ്രധാനമന്ത്രിക്കെതിരായ വധഭീഷണി രൂക്ഷമാകുന്നു: മന്ത്രിമാര്‍ക്കു പോലും മോദിയുടെ അടുത്തെത്തുന്നതില്‍ വിലക്ക്

ന്യൂഡല്‍ഹി: വധഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രത്യേക സുരക്ഷ സംഘത്തിന്റെ അനുമതി ഇല്ലാതെ ഇനി മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ പ്രധാനമന്ത്രിയുടെ അടുത്തെത്താനാവില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് കൈയ്യെത്തും ദൂരത്ത് നില്‍ക്കെ പ്രധാനമന്ത്രിക്ക് വധഭീഷണി സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കിലെത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ റോഡ് ഷോകള്‍ നടത്തരുതെന്നാണ് ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എസ് പി ജി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂനെ പൊലീസാണ് ജൂണ്‍ ഏഴിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഉദ്ദേശിക്കുന്നതായുളള കത്ത് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. നിരോധിക്കപ്പെട്ട സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് ഡല്‍ഹിയില്‍ പിടിയിലായ അഞ്ച് പേരില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.

വെസ്റ്റ് ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിനിടെ ആറ് പാളികളുളള സുരക്ഷ വലയം ഭേദിച്ച് ഒരാള്‍ പ്രധാനമന്ത്രിയുടെ കാലില്‍ വണങ്ങിയിരുന്നു. ഇത് സുരക്ഷ സേനയെ ഞെട്ടിക്കുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരാണ് നരേന്ദ്രമോദിക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയത്.

Top