സേനാ വിഭാഗങ്ങൾക്ക് പൊതുതലവനും കുടിവെള്ളത്തിനായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും; സ്വാതന്ത്ര്യദിനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍

രാജ്യം 73 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ രാജ്യസുരക്ഷയ്ക്കായി നരേന്ദ്രമോദിസര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാനതീരുമാനങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കര,നാവിക,വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താനായി ഒരു പ്രതിരോധ മേധാവിയെ നിയമിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ സുപ്രധാനമായ പ്രഖ്യാപനം. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര,വ്യോമ, നാവിക സേനാ മേധാവികൾക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇത് പ്രാബല്യത്തിലാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ രാജ്യത്തുണ്ടാകും. ഇത് സേനകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നും ,സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്കു രാജ്യമെത്തിയിരിക്കുന്നു. ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി ആലോചിക്കേണ്ട സമയമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനോടൊപ്പം എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3.5 ലക്ഷം കോടിരൂപയാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ചേര്‍ന്നുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം.

രാജ്യത്തിന്റെ 50 ശതമാനത്തോളം ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ പ്രയാസം അനുഭവിക്കുകയാണ്. ഇത് വലിയൊരു പ്രതിസന്ധിയാണ്. ഭാരതത്തിലെ ജനങ്ങള്‍ ദിവസത്തിന്‍റെ പകുതിയോളം കുടിവെള്ളം ശേഖരിക്കാനായി വിനിയോഗിക്കുകയാണ്. അതിനാല്‍ ഈ സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ചിന്തിക്കുകയും അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമാരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ല. സ്വച്ഛ് ഭാരത് പോലെ ജനങ്ങളുടെ പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം വിശദീകരിച്ചു. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ് രാജ്യത്ത് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്‍റെ കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് വര്‍ധിപ്പിക്കല്‍, ഗാര്‍ഹിക ഉപയോഗത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിന്‍റെ കൃഷിക്കായുള്ള പുനരുപയോഗം എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിന്‍റെയും സമാന പദ്ധതികള്‍ സംയോജിപ്പിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ജല്‍ ജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തെ ജനസംഖ്യവര്‍ധനവ് നിയന്ത്രിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണം. ഒരു ശരിയായ കുടുംബാസൂത്രണം നടപ്പാക്കാനും പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ചെറിയ കുടുംബത്തിന് കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാനാകും. ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ നിങ്ങളുടെ കുടുംബങ്ങള്‍ എല്ലാ രോഗങ്ങളില്‍ നിന്നും അകല്‍ച്ച പാലിക്കും. ജനസംഖ്യ വര്‍ധനവ് സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണവും ചര്‍ച്ചകളും ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ചും അദ്ദേഹം പ്രസംഗത്തില്‍ വിശദീകരിച്ചു. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്‍റെ സ്വപ്‌നം സാക്ഷാത്കരിച്ചെന്നും ജമ്മുവിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്ലീം സഹോദരിമാര്‍ക്ക് നീതി ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top