വാഹന രജിസ്‌ട്രേഷന്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി അമലപോള്‍. പരിഹാസം നിറഞ്ഞ മറുപടി ഫേസ്ബുക്കിലാണ് അമലപോള്‍ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ വള്ളത്തിലുള്ള യാത്രയാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും അതാവുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാവില്ലല്ലോ എന്നും അമല ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് ഇങ്ങനെ: ചില സമയത്ത് നഗര ജീവിതത്തിന്റെ ഭ്രാന്തതയിലും അനാവശ്യ ഊഹാപോഹങ്ങളില്‍ നിന്നും ഓടി ഒളിക്കണമെന്ന് തോന്നാറുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ഞാന്‍ ബോട്ട് യാത്രയാണ് തിരഞ്ഞെടുക്കാറുള്ളത്. നിയമം ലംഘിച്ചെന്ന ആരോപണമെങ്കിലും നേരിടേണ്ടി വരില്ലല്ലോ. ഇക്കാര്യം ഞാന്‍ എന്റെ അഭ്യുദയകാംക്ഷികളുമായി രണ്ടു തവണ ആലോചിക്കേണ്ടതുണ്ടോ കുടയും പിടിച്ച് തന്റെ വളര്‍ത്തു നായയ്‌ക്കൊപ്പം വള്ളത്തില്‍ പോകുന്ന ചിത്രവും അമല പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ആഗസ്റ്റില്‍ അമല പോള്‍ ചെന്നൈയില്‍ നിന്ന് വാങ്ങിയ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പിന്നീട് കാര്‍ കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം ഉയര്‍ന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാലിതും അമല ലംഘിച്ചുവെന്നാണ് വാര്‍ത്ത. അമലയ്ക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നടത്തിയെന്നാണ് ആരോപണം.