തിരുവനന്തപുരം: ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജരേഖ ചമക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങളായിരിക്കും ഇവര്‍ക്കെതിരെ ചുമത്തുക. നികുതി വെട്ടിപ്പിന് സഹായിച്ച ഒമ്പത് ഷോറൂമുകളേയും പ്രതികളാക്കും.ഇരുവരും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. രജിസ്‌ട്രേഷന്‍ ന്യായീകരിക്കാന്‍ ഇരുവരും നല്‍കിയ തെളിവ് വ്യാജമെന്ന് സ്ഥിരീകരിച്ചു. ഫഹദ് ഫാസില്‍ പിഴയടച്ചതിനാല്‍ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
2010ലും രാജ്യസഭാ എം.പിയായ ശേഷവും വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 30 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.
പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ ആഡംബരക്കാര്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിച്ചെന്നാണ് അമല പോളിനെതിരായ കേസ്. കേസില്‍ അമലയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സിനിമാ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്നുമാണ് അമലയുടെ മൊഴി. എന്നാല്‍ അമല പറയുന്ന വീട്ടില്‍ നേരത്തേ തന്നെ ക്രൈംബ്രാഞ്ചെത്തി പരിശോധിച്ചിരുന്നു. പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു നില അപാര്‍ട്മെന്റാണത്. ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റു പലരും കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് അമല പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടകവീടല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി. മൊഴി സ്ഥിരീകരിക്കുന്ന രേഖകളൊന്നും അമല ഹാജരാക്കിട്ടുമുണ്ടായിരുന്നില്ല.പുതുച്ചേരിയില്‍ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ പേരിലായിരുന്നു അമല പോള്‍ മേഴ്‌സിഡസ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് നടിയെ അറിയില്ലെന്ന് വിദ്യാര്‍ഥി വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നികുതി വെട്ടിക്കാന്‍ നടി ആസൂത്രിതമായി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തി.
ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ 14 മുതല്‍ 20 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിരുന്നു. ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാറുകള്‍ വാങ്ങിയത്. നിയമവശങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നുമായിരുന്നു ഫഹദ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നത്. 2015 ലും 2016 രണ്ട് കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തുവെന്നാണ് ഫഹദിനെതിരായ കേസ്.