അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ പതക്കവും മാലയും കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയ അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ദേവസ്വം വിജിലന്‍സ് എസ്.പിയോട് അടയന്തരമായി പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവാഭരണത്തില്‍ നിന്ന് നവരത്‌നങ്ങള്‍ പതിപ്പിച്ച പതക്കവും മാലയും കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രം അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ ക്ഷേത്രത്തിലെത്തി ദേവസ്വം അധികൃതരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. പതിനൊന്നര പവന്‍ വരുന്ന പതക്കവും മാലയുമാണ് കാണാതായത്.

കഴിഞ്ഞ മാസം 17നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രത്തിലെ സ്‌ട്രോംഗ് മുറിയില്‍ നിന്ന് തിരുവാഭരണവും മറ്റും ക്ഷേത്രത്തിനു കൈമാറിയത്. ഉത്സവവും വിഷുദര്‍ശനവും കഴിഞ്ഞ് തിരികെ സ്‌ട്രോംഗ് മുറിയിലേക്ക് വെക്കുന്നതിനിടെ പരിശോധിച്ചപ്പോഴാണ് പതക്കവും മാലയും കാണാതായ വിവരം അറിയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്നലെ ദേവസ്വം ബോര്‍ഡിനും തിരുവാഭരണം കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേവസ്വം തിരുവാഭരണം കമ്മീഷണര്‍ എസ്. പാര്‍വ്വതി ഇന്ന് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തും.

അമ്പലപ്പുഴ സി.ഐ എം. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മേല്‍ശാന്തിമാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഉപദേശക സമിതി മുന്‍ സെക്രട്ടറി ഡി. സുഭാഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ജയശ്രീ ഇന്നലെ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. രാവിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. രഘുനാഥന്‍ നായര്‍ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തിയിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരുകേശിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ പതക്കം നഷ്ടപ്പെട്ടത് ബോദ്ധ്യമായി. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രണ്ട് മേല്‍ശാന്തിമാര്‍ക്ക് നോട്ടീസ് നല്‍കി.

Top