ആലപ്പുഴ: ആലപ്പുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു. ചമ്പക്കുളം ഗവ. ആശുപത്രിക്ക് മുന്‍പിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്. ശ്വാസംമുട്ടലിനു ചികില്‍സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്നുപൊങ്ങി. 108 ആംബുലന്‍സിലെ നഴ്‌സ് സാഹസികമായി മോഹനന്‍ നായരെ പുറത്തെത്തിച്ച് ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു വിട്ടെങ്കിലും രക്ഷിക്കാനായില്ല. 108 ആംബുലന്‍സ് ഡ്രൈവര്‍ സെയ്ഫുദ്ദീനെ (32) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിനൊപ്പം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകള്‍, കാര്‍, കട എന്നിവ പൂര്‍ണമായി കത്തിനശിച്ചു. രോഗിയെ ആംബുലന്‍സിനുള്ളില്‍ പ്രവേശിപ്പിച്ച ശേഷം ഓക്‌സിജന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നു അധികൃതര്‍ പറഞ്ഞു.
ആലപ്പുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു
Tags: Ambulance