ആംബുലന്‍സിന് വഴി നല്‍കാതെ രോഗി മരിച്ച സംഭവത്തില്‍ കേസെടുത്തു; ബസ് ഡ്രൈവര്‍ക്കെതിരയാണ് നടപടി

ആംബുലന്‍സിന് വഴിനല്‍കാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ പോലീസ് കേസെടുത്തു. അത്യാസന്നനിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് കടന്നുപോകാന്‍ കഴിയാത്ത വിധം ഗതാഗതക്കുരുക്കുണ്ടാക്കിയതിനാണ് കേസ്. ബസിന്റെ ഡ്രൈവറുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

മനക്കൊടി തോട്ടപ്പിള്ളി വീട്ടില്‍ ഫ്രിജിലിനെതിരേയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്. മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയിലും അശ്രദ്ധമായും വാഹനമോടിച്ചെന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്ത് അബ്ദുള്‍ റഹിമാന്റെ ഭാര്യ ഐഷാബി (67)യാണ് മരിച്ചത്. ശരീരത്തില്‍ എന്തോ കടിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഐഷാബിയെ വാടാനപ്പള്ളി ആക്ട്‌സിന്റെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം.

മനക്കൊടി ചേറ്റുപുഴ പാടത്ത് ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു ആംബുലന്‍സ്. നിര്‍മാണജോലികള്‍ നടക്കുന്ന വാടാനപ്പള്ളി സംസ്ഥാനപാതയില്‍ ചേറ്റുപുഴ പാടം മുതല്‍ വ്യാഴാഴ്ച വലിയ ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടെ തൃശ്ശൂര്‍-കാഞ്ഞാണി റൂട്ടിലോടുന്ന ‘മണിക്കുട്ടന്‍’ എന്ന ബസ് വരിതെറ്റിച്ച് തെറ്റായ ദിശയില്‍ കടന്നുവന്നു.

ഇതോടെ ആംബുലന്‍സ് 15 മിനിറ്റോളം നീങ്ങാന്‍ കഴിയാത്തവിധം കുരുങ്ങി. ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍ ഇറങ്ങിച്ചെന്ന് ബസ് ഡ്രൈവറോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തിനൊടുവിലാണ് ആംബുലന്‍സിന് കടന്നുപോകാനായത്. വഴിമധ്യേയാണ് ഐഷാബി മരിച്ചത്.

ആംബുലന്‍സില്‍ ഇരുന്ന് പകര്‍ത്തിയ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഇടപെടല്‍. പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് കേസെടുത്ത വിവരം വീഡിയോ ദൃശ്യം സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top