അമിത് ഷായുടെ പദയാത്ര കണ്ണൂരിൽ …പാർട്ടി ഗ്രാമങ്ങൾ പിടിച്ചെടുക്കും ? സർക്കാരിന് തലവേദന

കണ്ണൂർ:കേരളം പിടിക്കാനുള്ള അമിത് ഷായുടെ പദ്ധതി നടപ്പിൽ വരുത്താനുള്ള അവസാന ശ്രമത്തിലാണ് അമിത് ഷാ .കേരളത്തിൽ സി.പി.എം പാർട്ടി ഗ്രാമങ്ങൾ പിടിച്ചെടുക്കാൻ കേരളത്തിൽ പദയാത്ര നടത്തുന്നതിന് മുന്നോടിയായി കണ്ണൂരിൽ പദയാത്ര സംഘടിപ്പിക്കുന്നു .അതേസമയം ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ആയ അമിത് ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്ര കണ്ണൂരിൽ സംസ്ഥാന പൊലീസിന് തലവേദനയാകും. അടുത്തമാസം ഏഴിന് പയ്യന്നൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ അമിത് ഷാ പയ്യന്നൂർ മുതൽ പിലാത്തറ വരെ പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസം അദ്ദേഹം ജില്ലയിൽ യാത്രയോടൊപ്പം ഉണ്ടാകും. ഒപ്പം ബി.ജെ.പി മുഖ്യമന്ത്രിമാരും മന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കുന്നതോടെ റാലിയിൽ വി.വി.ഐ.പിമാരുടെ നീണ്ടനിര തന്നെയുണ്ടാകും. ഇവരുടെയൊക്കെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇനി കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാൻ മടിക്കുന്ന കേന്ദ്രം അമിത് ഷായുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഇറക്കാനുള്ള സാധ്യതയും പൊലീസിലെ ചില ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ലAMIT-SHAH--KERALA-PADAYATHR
സി.പി.എം പാർട്ടി ഗ്രാമങ്ങളായ പയ്യന്നൂർ, കല്യാശേരി, പിണറായി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ബി.ജെ.പിയുടെ പദയാത്ര നടന്നുപോകുന്നത്. സി.പി.എം അക്രമങ്ങൾക്കെതിരെ ശക്തമായ വാക്ശരങ്ങൾ നേതാക്കളിൽ നിന്നുണ്ടാവുകയും ചെയ്യും. ഇത് സി.പി.എം. കേന്ദ്രങ്ങളെ പ്രകോപിപ്പിക്കാൻ ഇടയുണ്ടെങ്കിലും പ്രശ്നങ്ങൾ ഉടലെടുക്കാതെ യാത്രയ്ക്ക് വഴിയൊരുക്കുക പൊലീസിന് വെല്ലുവിളിയാകും. ദേശീയ അദ്ധ്യക്ഷനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ പിണറായിയിൽ എത്തിക്കാനുള്ള ശ്രമവും സംസ്ഥാന ബി.ജെ.പി നേതൃത്വം നടത്തി. ഇക്കാര്യവും നേതാക്കൾ ഉറപ്പിച്ചുകഴിഞ്ഞു. മൂന്നാംദിവസമാണ് മുഖ്യമന്ത്രിയുടെ നാട്ടിലൂടെ യാത്ര കടന്നുപോകുന്നത്. സെപ്തംബർ ഒമ്പതിന് രാവിലെ മമ്പറത്ത് നിന്ന് യാത്ര ആരംഭിച്ച് തലശേരിയിൽ സമാപിക്കും. സമാപന പരിപാടിയിൽ അമിത് ഷാ പങ്കെടുക്കും.
യാത്ര തുടങ്ങുന്നതിന് മുമ്പു തന്നെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കൊലപാതക കേസിലെ സാക്ഷിക്ക് തലശേരി കതിരൂരിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനാംഗങ്ങളെ നിയോഗിച്ചത് സംസ്ഥാന പൊലീസിന് മാനഹാനിയുണ്ടാക്കിയിരുന്നു. ബി.ജെ.പിയുടെ യാത്ര 23ന് തിരുവന്തപുരത്താണ് സമാപിക്കുന്നത്. സമാപനത്തിലും മറ്റുജില്ലകളിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് 11, 12, 13 തീയതികളിൽ ബി.ജെ.പിയുടെ യാത്ര ഒഴിവാക്കിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭായാത്രകൾ സംഘടിപ്പിക്കുന്ന തിരക്കിലായിരിക്കും അപ്പോൾ ബി.ജെ.പി പ്രവർത്തകർ. സി.പി.എം നേതൃത്വത്തിൽ കഴിഞ്ഞവർഷങ്ങളിലെ പോലെ ശ്രീകൃഷ്ണജയന്തി ദിവസം സാംസ്കാരിക ഘോഷയാത്രകൾ സംഘടിപ്പിക്കാനും തീരുമാനിച്ചതോടെ ഇതും പൊലീസിന് തലവേദനയാകുമെന്നാണ് കരുതുന്നത്.

Top