ജഡ്ജി ലോയയുടെ മരണം റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുപയോഗിച്ച്; ലോയയുമായി അടുപ്പമുണ്ടായിരുന്ന വക്കീല്‍ കോടതി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

നാഗ്പൂര്‍: സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കെ ജഡ്ജി ലോയ മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്ന് ഹര്‍ജി. ജഡ്ജി ലോയയുടെ മരണം റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ ഉപയോഗിച്ചുള്ള കൊലപാതകമാണെന്നാണ് ഹര്‍ജിക്കാന്റെ ആരോപണം. നാഗ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ സതീഷ് മഹാഡിയോറാവുവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ജഡ്ജി ബി.എച്ച്.ലോയ മരിച്ചത് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റെന്നാണ് പുതിയ ആരോപണം. 209 പേജുകളുള്ള റിട്ട് ഹര്‍ജിയില്‍ തന്റെ ആരോപണത്തിനടിസ്ഥാനമായ വാദങ്ങള്‍ സതീഷ് ഉകെ വിശദീകരിക്കുന്നുണ്ട്. ലോയയുമായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകരായ ശ്രീകാന്ത് ഖണ്ഡേല്‍ക്കറും പ്രകാശ് തോംബ്രെയും തന്നോട് ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് തന്റെ ഹര്‍ജിയില്‍ ഉകെ പറയുന്നു. ഒരു റേഡിയോ ആക്ടീവ് ഐസോടോപ്പ് ഉപയോഗിച്ചാണ് ലോയയെ കൊലപ്പെടുത്തിയത് എന്ന് അവര്‍ക്ക് വിവരം കിട്ടിയിരുന്നു. എന്നാല്‍ ഈ രണ്ടുപേരും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി തന്റെ ഹര്‍ജിയില്‍ ഉകെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഗ്പൂര്‍ കോടതിയുടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വീണു മരിച്ച നിലയിലായിരുന്നു ശ്രീകാന്ത് ഖണ്ഡേല്‍ക്കറുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അടക്കം നിരവധി പേര്‍ ആരോപിച്ചിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ അപ്പര്‍ ബര്‍ത്തില്‍ നിന്നും താഴെവീണ് നട്ടെല്ലൊടിഞ്ഞാണ് പ്രകാശ് തോംബ്രെ കൊല്ലപ്പെട്ടത്. ഈ മരണത്തിലും ദുരൂഹതയുണ്ടായിരുന്നു.

ജസ്റ്റിസ് ലോയയുമായി നല്ല അടുപ്പമുണ്ടായിരുന്ന അഭിഭാഷകരായിരുന്നു സതീഷ് ഉകെയടക്കം ഈ മൂന്നുപേരും. സതീഷ് ഉകെയ്ക്ക് നേരെയും വധശ്രമമുണ്ടായിരുന്നു. ഏതാണ്ട് അയ്യായിരം കിലോയോളം ഭാരം വരുന്ന ഇരുമ്പ് സാധനങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസിനു മുകളില്‍ വന്നു വീഴുകയായിരുന്നു. അദ്ദേഹം ഓഫീസില്‍ നിന്നിറങ്ങി അല്‍പ്പം കഴിഞ്ഞിട്ടായതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് സതീഷ് ഉകെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

സതീഷ് ഉകെയുടെ ഹര്‍ജി പ്രകാരം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ 2015 മാര്‍ച്ച് മാസത്തില്‍ അന്നത്തെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ കുമാര്‍ സിന്‍ഹയെ സന്ദര്‍ശിച്ചിരുന്നു. തന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു അമിത് ഷാ ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളെല്ലാം നശിപ്പിച്ചുകളഞ്ഞതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

സൊഹ്‌റാബ്ദ്ദീന്‍ ഷേക്ക് വധക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തന്നെ ഭീഷണിപ്പെടുത്തിയതായി ജസ്റ്റിസ് ലോയ തന്നോട് പറഞ്ഞിട്ടുണ്ടെന്നും തന്റെ ഹര്‍ജിയില്‍ സതീഷ് ഉകെ ആരോപിക്കുന്നു.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ, 2014 ഡിസംബര്‍ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. നാഗ്പുരില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയും ആയിരുന്നുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ‘കാരവന്‍’ ലോയയുടെ മരണത്തില്‍ ഒട്ടനവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അതോടെയാണു വിവിധ കോണുകളില്‍നിന്ന് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.

Top