അമിത് ഷായുടെ കളി ക്രിക്കറ്റിലും…!! ഗാംഗുലി ബിസിസിഐ പ്രസിഡൻ്റാകും; തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നീക്കം

ബി.സി.സി.ഐ പ്രസിഡന്റായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുക്കാൻ ധാരണ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാകുമെന്നും തീരുമാനം. തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം വന്നത്.

ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.സി.സി.ഐയുടെ മുൻ അദ്ധ്യക്ഷനുമായിരുന്ന അനുരാഗ് താക്കൂറിന്റെ സഹോദരൻ ധുമാൽ താക്കൂർ ബോർഡിന്റെ ട്രഷറർ സ്ഥാനത്തേക്ക്‌ എത്തുമെന്നും സൂചനയുണ്ട്. ഈ മാസം 23നാണ് ബി.സി.സി.ഐ തിരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർത്ഥിയായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ധ്യക്ഷന്റെയും മറ്റ് ഭാരവാഹികളുടെയും കാര്യത്തിൽ തീരുമാനം ആയ സ്ഥിതിക്ക് മറ്റാരും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2022 വരെയാകും അദ്ദേഹത്തിന്റെ ഭരണകാലാവധി. കർണാടകത്തിലെ ബ്രിജേഷ് പട്ടേലിനെ പിന്തള്ളിയാണ് സൗരവ് ഗാംഗുലി ബി.സി.സി.ഐ അദ്ധ്യക്ഷന്റെ സ്ഥാനത്തേക്ക് എത്തുന്നത്. കെ.സി.ഐ പ്രസിഡന്റായ ജയേഷ് ജോർജ് ബി.സി.സി.ഐയുടെ ജോയിന്റ് സെക്രട്ടറിയാകുമെന്നും വിവരമുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആശീർവാദമാണ് ഗാംഗുലിയുടെ വരവിന് കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 23ന് നടക്കുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ഒഴിവാക്കി ഭാരവാഹികളുടെ കാര്യത്തിൽ സമവായം കണ്ടെത്താൻ ശ്രമങ്ങൾ ഊർജിതമായിരുന്നു. ഇതിനായി ഞായറാഴ്ച മുംബൈയിലെ ഒരു ഹോട്ടലിൽ മാരത്തൺ യോഗവും നടന്നു. ബിസിസിഐ മുൻ പ്രസിഡന്റുമാരായ എൻ.ശ്രീനിവാസൻ, അനുരാഗ് താക്കൂർ, സെക്രട്ടറിയായിരുന്ന നിരഞ്ജൻ ഷാ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ശ്രീനിവാസനാണ് ഈ യോഗം സംഘടിപ്പിച്ചതെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് നിർദ്ദേശിച്ചതും ഇദ്ദേഹം തന്നെ.

ഈ യോഗത്തിനു മുന്നോടിയായി ശ്രീനിവാസനും ഗാംഗുലിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയുടെ പ്രതിനിധിയായ ബ്രിജേഷ് പട്ടേലിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കാൻ പിന്തുണ തേടിയാണ് ശ്രീനിവാസൻ അമിത് ഷായെ കണ്ടതെന്നാണ് വിവരം. ഇതേ ദിവസം തന്നെ ഗാംഗുലിയും ഡൽഹിയിലെത്തി അമിത് ഷായെ കണ്ടു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്നു കാട്ടിയായിരുന്നു ഇത്. ബിജെപി നേതാവും മുൻ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന്റെ പിന്തുണയും ഗാംഗുലിക്കായിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ഫോർമുലയെന്ന നിലയിൽ ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായും ബ്രിജേഷ് പട്ടേലിനെ ഐപിഎൽ ചെയർമാനായും നിയമിക്കാൻ വഴിയൊരുങ്ങിയത്.

അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകും. ജയ് ഷായും ഇന്ന് പത്രിക സമർപ്പിക്കും. ഈ തിരഞ്ഞെടുപ്പും എതിരില്ലാതെ ആകാനാണ് സാധ്യത. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന അമിത് ഷാ കഴിഞ്ഞ മാസമാണ് തൽസ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ബിസിസിഐയിലേക്ക് മകന്റെ വരവ്.

Top