കൊച്ചി:താരസംഘടനയായ അമ്മയിൽ അടിമുടി മാറ്റം വരുന്നു .അമ്മയുടെ പ്രസിഡണ്ടായി മോഹൻലാൽ എത്തുമെന്നും സൂചന .പുതുക്കിവരുന്ന അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം. നടിമാരിൽ നാലുപേരാണ് ഇത്തവണ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ അംഗങ്ങളാകുക. ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങൾ.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ്, ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങി പുതുമുഖങ്ങൾ എത്തിയേക്കും. പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരും.
മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് രൂപീകരിച്ച ശേഷം ഏറെ വിവാദങ്ങൾ മലയാളസിനിമാരംഗത്ത് ഉടലെടുത്തിരുന്നു. എന്നാൽ വിവാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തീരുമാനങ്ങളാകും അമ്മയുടെ ജനറൽ ബോഡിയിൽ ഉണ്ടാകുക എന്നത് വ്യക്തം. സൗഹൃദാന്തരീക്ഷത്തിൽ കൂട്ടായ്മയുടെ നേർക്കാഴ്ചയാകും സംഘടനയിൽ ഉണ്ടാകുകയെന്ന് അമ്മയോട് അടുത്തവൃത്തങ്ങൾ പറയുന്നു.അമ്മ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനില്ലെന്നാണ് അമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു.
കെ.ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ഇവർ രണ്ടു പേരും രണ്ടുപാർട്ടിയിലുള്ള എംഎൽഎമാരാണെന്നത് ശ്രദ്ധേയം. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ദിലീപിനു വേണ്ടി ഒഴിഞ്ഞു കൊടുത്ത ട്രെഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്. 17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചർച്ചകൾ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഇൗ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്.


