കൊച്ചി: ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് താരങ്ങൾ. ക്രൗൺ പ്ലാസയിൽ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിക്ക് ശേഷമായിരുന്നു താരങ്ങളുടെ രോഷപ്രകടനം. വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം ദിലീപ് വിഷയം മാധ്യമ പ്രവർത്തകർ ചോദിച്ചതാണ് എം എൽ എ മാരായ മുകേഷ്, ഗണേശ് കുമാർ ,നടൻ ദേവൻ എന്നിവരെ ചൊടിപ്പിച്ചത്.അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന് പറഞ്ഞാണ് മുകേഷ് എഴുന്നേറ്റത്.തങ്ങൾ ചർച്ച ചെയ്യാത്ത വിഷയം ചോദിക്കേണ്ടന്നായിരുന്നു താരങ്ങളുടെ നിലപാട്. മാധ്യമ പ്രവർത്തകർ വീണ്ടും ദിലീപിനേയും അക്രമിക്കപ്പെട്ട നടിയേയും കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേ യിരുന്നു.
ഈ ഘട്ടത്തിലാണ് ഗണേശ് കുമാർ എംഎൽഎയും, ദേവനും വിഷയത്തിലിടപെട്ടത്.അനാവശ്യ ചോദ്യങ്ങൾ പാടില്ലെന്ന് ഇരുവരും പറഞ്ഞു. മൈക്ക് കയ്യിലെടുത്ത ഗണേശ് കുമാർ വളരെ രൂക്ഷമായ ഭാഷയിലാണ് മാധ്യമങ്ങളെ നേരിട്ടത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം മാധ്യമങ്ങൾ മാത്രമാണെന്ന തരത്തിലായിരുന്നു താരങ്ങളുടെ പ്രതികരണം. ഇത്രയും രൂക്ഷമായി താരങ്ങൾ പ്രതികരിക്കുമ്പോൾ മമ്മുട്ടി, മോഹൻ ലാൽ, ഇന്നസെൻറ്, ഇടവേളബാബു, ദിലീപ് എന്നിവരും വേദിയിലുണ്ടായിരുന്നു. സൂപ്പർ താരങ്ങളടക്കം മൗനം പാലിക്കുന്ന സ്ഥിതിയാണുണ്ടായത്.മാധ്യമ പ്രവർത്തകർ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരുന്നപ്പോൾ അമ്മ ദിലീപിനും, നടിക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഇന്നസെൻറ് അറിയിച്ചു.അതേസമയം കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ നിരാഹാര സമരത്തിലേക്ക് അമ്മ പ്രവർത്തകർ നീങ്ങുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഇന്നസെൻറ് മറുപടി നൽകിയത്.
ഇത്ര രൂക്ഷമായ വിഷയം പുറത്ത് കൊടുമ്പിരികൊള്ളുമ്പോഴും ആട്ടവും, പാട്ടുമായി ആഘോഷപൂർവ്വമായിരുന്നു അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.നടിയുടെ വിഷയം രമ്യ നമ്പീശനും, റിമാ കല്ലിങ്കലും യോഗത്തിൽ ഉന്നയിച്ചതായാണ് വിവരം. എന്നാൽ ഇതിന് വ്യക്തമായ മറുപടി ഭാരവാഹികൾ നൽകിയതുമില്ല. വിമൻ ഇൻ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചതിനെതിരെ എതിർപ്പുയരുമെന്ന് കരുതിയിരുന്നെങ്കിലും യോഗത്തിൽ അതിനെ കുറിച്ച് ആരും സംസാരിച്ചില്ലെന്നാണ് സൂചന. എന്തായാലും യോഗം തീരും മുൻപേ രമ്യയും ,റീമയും സ്ഥലം വിടുകയായിരുന്നു.യോഗത്തിലെ ഭൂരിപക്ഷ അംഗങ്ങളും ദിലീപിന് ഐക്യദാർഡ്യം പ്രകർപ്പിച്ചതായാണ് അറിയുന്നത്.യോഗത്തിന് വന്ന മിക്ക താരങ്ങളും ദിലീപിനടുത്തെത്തി വിവരങ്ങൾ അന്വേഷിക്കുന്നതും കാണാമായിരുന്നു. മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച താരങ്ങൾക്കെതിരെ നവ മാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്