തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിനൊപ്പം വയനാട്ടില്‍ നിന്നുള്ള ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണി വയനാടും ചേരുന്നു. വര്‍ഷങ്ങളായി മയനാട് കേന്ദ്രീകരിച്ച് ആദിവാസി അവകാശങ്ങള്‍ക്കായി ശക്തമായി ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് അമ്മിണി. ശക്തമായ സമര പരപാടികളും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം കൊടുത്തിട്ടുള്ള അമ്മിണി കൂടി മലകയറാന്‍ എത്തുന്നത് മനിതി സംഘത്തിന് കരുത്താകും.
മനിതി സംഘത്തോടൊപ്പമുള്ള അമ്മിണി വയനാടിന്റെ മലകയറ്റം പോലീസിന് നേരത്തെ അറിവുള്ളതാണ്. സുപ്രീം കോടതി അനുവദിച്ച അവകാശങ്ങള്‍ നേടിയെടുത്തേ മടങ്ങൂ എന്നാണ് അമ്മിണി അറിയിച്ചിരിക്കുന്നത്. പമ്പയില്‍ കൂടിയിരിക്കുന്ന പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് അവര്‍ അറിയിച്ചു. ശബരിമല ദര്‍ശനം പോലീസ് സാധ്യമാക്കാത്ത പക്ഷം നിരാഹാര സമരമടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കും എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.
വിശ്വാസിയായിട്ടാണ് മല ചവിട്ടുന്നത്, വിവിധ സംഘങ്ങള്‍ പല സംസ്ഥാനത്തുനിന്നും കേരളത്തിനുകത്തു നിന്നും എത്തിക്കൊണ്ടിരിക്കുകയാണെന്നും എല്ലാപേരും എത്തിച്ചേര്‍ന്നാല്‍ മല കയറ്റം ആരംഭിക്കുമെന്നുമാണ് അമ്മിണി അറിയിച്ചിരിക്കുന്നത്. വൃതമെടുത്ത് ഇരുമുടികെട്ടുമെടുത്താണ് ഇവരില്‍ പലരും വരുന്നതെന്നും അമ്മിണി അറിയിച്ചു.
ഇതിനിടയില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി സംഘം പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്ത് പോലീസുകാരുടെ എണ്ണം കുറവാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുകയുമാണ്.
ഇരുപക്ഷത്തിന്റെയും സുരക്ഷ പ്രശ്നമാണെന്ന നിലപാടിലാണ് പോലീസ് ഇപ്പോള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം. അതേസമയം ആചാര ലംഘനമുണ്ടായാല്‍ തുടര്‍ നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസഡന്റ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.