കോട്ടയം :രാഷ്ട്രീയ ലാക്കോടെ തനിക്കെതിരെ തട്ടിക്കയറിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ഉത്തരം മുട്ടിച്ച് എസ്പി യതീഷ്ചന്ദ്ര. ശബരിമലയിലേക്ക് പോകാൻ നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ പോലീസുമായി സംസാരിക്കവെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിക്കുകയായിരുന്നു.നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തി വിടാത്തത് ചോദ്യം ചെയ്യുകയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍. ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് മന്ത്രി ശബരിമലയിലെത്തിയത്. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നും കൂടെയുളളവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ പോകാം എന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പ്രതിഷേധ സൂചകമായി മന്ത്രിയും മറ്റുള്ളവരോടൊപ്പം കെഎസ്ആർടി.സി ബസിൽ പമ്പയിലേക്ക് പോയി.ബിജെപി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും പൊന്‍ രാധാകൃഷ്ണനൊപ്പം ഉണ്ട്.
നേരത്തെ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി കിണറ്റിലിടണമെന്ന് രാധാകൃഷ്ണൻ പറഞ്ഞത് വൻ വിവാദമായിരുന്നു. ഇതിന് മലപ്പുറത്തെ പൊതുയോഗത്തിൽ മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനൊക്കെ പുറമേ ശബരിമലയിലേക്ക് ആചാരസംരക്ഷണത്തിന് പ്രവർത്തകരെ അയക്കണമെന്നും അതിന് “സംഘജില്ല’കൾ കേന്ദ്രീകരിച്ചുള്ള ചുമതലക്കാരെയും നിശ്ചയിച്ചുകൊണ്ട് എ.എൻ.രാധാകൃഷ്ണൻ തയാറാക്കി നൽകിയ പാർട്ടി സർക്കുലറും പുറത്തായിരുന്നു.
അതേസമയം ഇപ്പോൾ നിലയ്ക്കലിലേക്ക് എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നില്ലെന്ന മന്ത്രിയുടെ ചോദ്യത്തിന് പോലീസ് മറുപടി നൽകുന്നതിനിടെയാണ് രാധാകൃഷ്ണൻ പൊട്ടിത്തെറിച്ചത്. പമ്പയിലെ അസൗകര്യങ്ങളേക്കുറിച്ച് നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര, പൊൻ രാധാകൃഷ്ണനോട് വിശദീകരിക്കുകയായിരുന്നു.
ഇതിനിടെയാണ് “നിങ്ങളെന്താ കേന്ദ്ര മന്ത്രിയോട് ചൂടാകുകയാണോ?…ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം’ തുടങ്ങിയ രൂക്ഷമായ വാക്കുകളുമായി രാധാകൃഷ്ണൻ കയർത്തത്. എസ്പി പ്രതികരിക്കാതെ നിന്നതിനു പിന്നാലെ വന്നു രാധാകൃഷ്ണന്‍റെ അടുത്ത ചോദ്യം “നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ’ എന്ന്. ഇതിനെയെല്ലാം ചിരിയോടെ നേരിട്ട എസ്പി മന്ത്രിയോട് മാത്രമാണ് കാര്യങ്ങൾ വിശദീകരിക്കാൻ തയാറായത്.
അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെ ബിജെപി നേതാക്കളും എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി. കെഎസ്ആര്‍ടിസി ബസ് കടത്തിവിടുന്ന സ്ഥലത്ത് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ എന്നായിരുന്നു മന്ത്രി എസ് പിയോട് ചോദിച്ചത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പയിലേക്ക് പോയി വരികയാണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലെന്നും പൊലീസ് അറിയിച്ചു. ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്തം മന്ത്രി ഏറ്റടുക്കുമോ എന്നും എസ്പി ചോദിച്ചു.